ഭീകര ഭീഷണി മുഴക്കി; വിമാനയാത്രാവിലക്കു പട്ടികയിൽ ആദ്യമായി ഒരാൾ

ന്യൂഡൽഹി ∙ ഇന്ത്യയിൽ ആദ്യമായി ഒരാൾ വിമാനയാത്രാ വിലക്കു പട്ടികയിൽ. കഴിഞ്ഞ ഒക്ടോബറിൽ വിമാനത്തിനുള്ളിൽ തട്ടിക്കൊണ്ടുപോകൽ ഭീഷണി മുഴക്കിയ മുംബൈയിലെ ആഭരണവ്യാപാരി ബിർജു കിഷോർ സല്ല (37) ആണ് കരിമ്പട്ടികയിൽ ഉൾപ്പെട്ടത്. സല്ലയ്ക്ക് ഇനി ഒരു വിമാനത്തിലും യാത്രചെയ്യാനാകില്ല.

രാജ്യത്ത് ആന്റിഹൈജാക്കിങ് നിയമപ്രകാരം ആദ്യമായി കേസെടുത്തതും ഇയാൾക്കെതിരെയാണ്. എട്ടു മാസം മുൻപാണ് ‘നാഷനൽ നോ ഫ്ലൈ ലിസ്റ്റ്’ യാത്രാവിലക്കു പട്ടികയ്ക്കു രൂപം നൽകിയത്. മുംബൈയിൽനിന്നു ഡൽഹിയിലേക്കു പുറപ്പെട്ട ജെറ്റ് എയർവേസ് വിമാനത്തിലായിരുന്നു സല്ലയുടെ ഹൈജാക്ക് നാടകം. വിമാനത്തിന്റെ ശുചിമുറിയിൽ തട്ടിക്കൊണ്ടു പോകുന്നതിനെക്കുറിച്ചും ബോംബുകളെക്കുറിച്ചുമുള്ള കുറിപ്പ് വിമാനജീവനക്കാരിലൊരാൾ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ പൈലറ്റ് വിമാനം അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി.

തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവത്തിനു പിന്നിൽ സല്ലയാണെന്നു കണ്ടെത്തിയത്. ഇയാളെ ‘നോ ഫ്ലൈ’ പട്ടികയിൽപെടുത്താൻ അന്നത്തെ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു നിർദേശിച്ചിരുന്നു. ഉറുദുവിലും ഇംഗ്ലിഷിലുമുള്ള കുറിപ്പിൽ, വിമാനം പാക്ക് അധിനിവേശ കശ്മീരിലേക്കു പറത്തണമെന്നായിരുന്നു എഴുതിയിരുന്നത്. ഇത് അന്വേഷകരെ സംശയത്തിലാക്കി. കാരണം, പാക്ക് ഭീകരർ ഈ പ്രദേശത്തെ സ്വതന്ത്ര കശ്മീർ എന്നാണു പറയുന്നത്. ചോദ്യംചെയ്യലിൽ സല്ല കുറ്റം സമ്മതിച്ചു. ബോംബുഭീഷണിയുണ്ടായാൽ ജെറ്റ് എയർവേസ് ഡൽഹിയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും അപ്പോൾ അവരുടെ ഡൽഹി ഓഫിസിൽ ജോലി ചെയ്യുന്ന കാമുകി മുംബൈയിൽ തിരിച്ചെത്തുമെന്നും കണക്കുകൂട്ടിയെന്നാണു സല്ല പറഞ്ഞത്.