റോട്ടോമാക് ഗ്രൂപ്പിന്റെ 177 കോടിയുടെ സ്വത്തുക്കൾ ഏറ്റെടുത്തെന്ന് ഇഡി

വിക്രം കോഠാരി

ന്യൂഡൽഹി ∙ ബാങ്കുകളിൽനിന്നു വായ്പയെടുത്തു മൊത്തം 3695 കോടി രൂപ അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയ കാൻപുർ ആസ്ഥാനമായുള്ള റോട്ടോമാക് ഗ്രൂപ്പിന്റെ 177 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. പണം തട്ടിപ്പു നിരോധന ചട്ടം അനുസരിച്ചു റോട്ടോമാക് കമ്പനി ഡയറക്ടർമാരുടെ യുപി, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ സ്വത്തുക്കളാണ് ഏറ്റെടുത്തത്.

റോട്ടോമാക് ഗ്ലോബൽ ഡയറക്ടർമാരായ കോഠാരി, ഭാര്യ സാധ്ന, മകൻ രാഹുൽ എന്നിവർ ബാങ്കുകളിൽനിന്ന് എടുത്ത വായ്പ വകമാറ്റി ചെലവഴിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ബാങ്കുകളുടെ കൂട്ടായ്മയ്ക്കു വേണ്ടി ബാങ്ക് ഓഫ് ബറോഡയാണു കഴിഞ്ഞ ഫെബ്രുവരിയിൽ സിബിഐയെ സമീപിച്ചത്. കോഠാരി രാജ്യംവിട്ടുപോകുമെന്ന ആശങ്കയാണ് ബാങ്ക് പ്രകടിപ്പിച്ചത്. തുടർന്നു സിബിഐയും ഇഡിയും നടത്തിയ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ശേഷം കേസെടുക്കുകയായിരുന്നു.

ഏഴു ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്നായി മൊത്തം 2919.39 കോടി രൂപ കോഠാരി തട്ടിയെടുത്തെന്നും പലിശ കൂടി ചേർത്ത് ആകെ 3695 കോടി രൂപയുടെ തട്ടിപ്പാണു നടന്നതെന്നും സിബിഐയും ഇഡിയും വ്യക്തമാക്കി. വ്യാജ കയറ്റുമതി രേഖകളുടെ അടിസ്ഥാനത്തിൽ 2008 മുതലാണു വായ്പ തട്ടിപ്പ് നടത്തിയത്. വജ്ര വ്യവസായി നീരവ് മോദിയുൾപ്പെട്ട 11,400 കോടി രൂപയുടെ തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെയാണ് ഈ വായ്പ ക്രമക്കേടിന്റെ വിവരങ്ങളും പുറംലോകം അറിഞ്ഞത്.