രണ്ടാം ക്ലാസ് വരെ ഹോംവർക്ക് വേണ്ട: മദ്രാസ് ഹൈക്കോടതി

ചെന്നൈ ∙ സിബിഎസ്ഇ സ്കൂളുകളിലെ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കു ഹോംവർക്ക് നൽകരുതെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്. കുട്ടികളിൽ അമിതഭാരം അടിച്ചേൽപിക്കുന്നതായി ആരോപിച്ചുള്ള ഹർജിയിലാണു വിധി. ചെറിയ ക്ലാസുകളിൽ എലഗന്റ്, അമേസിങ് എന്നീ വിഭാഗങ്ങളായി വിദ്യാർഥികളെ തരംതിരിക്കുന്ന പതിവ് ചില സ്കൂളുകളിലുണ്ടെന്നും ഇതു വിവേചനമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 

കേന്ദ്ര സർക്കാർ സ്കൂൾ ബാഗ് നയം തയാറാക്കി സംസ്ഥാനങ്ങൾക്ക് അയച്ചുകൊടുക്കണമെന്നും വിധിയിൽ പറയുന്നു. സിബിഎസ്ഇയിൽ അഫിലിയേറ്റ് ചെയ്ത സ്കൂളുകളിൽ എൻസിഇആർടി പാഠപുസ്തകങ്ങൾ മാത്രമേ പഠിപ്പിക്കാവൂ എന്നും നിർദേശമുണ്ട്. ജസ്റ്റിസ് എൻ.കൃപാകരൻ : വിദ്യാർഥികൾ വെയ്റ്റ്‌ലിഫ്റ്റർമാരല്ല. സ്കൂൾ ബാഗിന്റെ ഭാരം കുട്ടിയുടെ ഭാരത്തിന്റെ പത്തിലൊന്നിൽ താഴെയാണെന്ന് ഉറപ്പുവരുത്തണം