വാർത്തകളിൽ ‘ദലിത്’ വേണ്ട: കേന്ദ്രത്തോട് ഹൈക്കോടതി

മുംബൈ ∙ വാർത്താ റിപ്പോർട്ടിങ്ങിൽ ദലിത് എന്ന പ്രയോഗം ഒഴിവാക്കാൻ മാധ്യമങ്ങൾക്കു നിർദേശം നൽകണമെന്നു വാർത്താ വിതരണ - പ്രക്ഷേപണ മന്ത്രാലയത്തോടും പ്രസ് കൗൺസിലിനോടും ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് നിർദേശിച്ചു. സർക്കാർ രേഖകളിൽനിന്നു ദലിത് എന്ന വാക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പങ്കജ് മെശ്രാം എന്നയാൾ നൽകിയ പൊതുതാൽപര്യ ഹർജിയിലാണു ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.

ദലിത് പ്രയോഗത്തിനു പകരം പട്ടികജാതി, പട്ടികവർഗം എന്ന് ഉപയോഗിക്കണമെന്നു നിർദേശിച്ച് മാർച്ച് 15നു കേന്ദ്ര സാമൂഹികനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രാബല്യത്തിലാക്കാനും കേന്ദ്ര - സംസ്ഥാന സർക്കാരുകളോടു കോടതി നിർദേശിച്ചു. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു മഹാരാഷ്ട്ര സർക്കാർ കോടതിയെ അറിയിച്ചു.