കാർത്തി ചിദംബരത്തിന് മുൻകൂർ ജാമ്യം

ചെന്നൈ ∙ കള്ളപ്പണക്കേസിൽ ആദായ നികുതി വകുപ്പ് വാറന്റ് പുറപ്പെടുവിച്ചു മണിക്കൂറുകൾക്കകം കാർത്തി ചിദംബരത്തിനു മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 

ശനി രാത്രി പതിനൊന്നരയോടെ വസതിയിൽ മിനിറ്റുകൾ നീണ്ട വാദത്തിനുശേഷം ജസ്റ്റിസ് എ.ഡി.ജഗദീഷ് ചന്ദ്രയാണു ജാമ്യം  അനുവദിച്ചത്. വിദേശത്തെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ടാണു കേസ്. നേരത്തേ മൂന്നു തവണ ആദായ നികുതി വകുപ്പ് സമൻസ് അയച്ചിരുന്നെങ്കിലും കാർത്തി ഹാജരായില്ല. മൂന്നു തവണ ഹാജരായില്ലെങ്കിൽ ആരോപണവിധേയനെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കാൻ കള്ളപ്പണനിയമപ്രകാരം പൊലീസിന് അധികാരമുണ്ട്. ഇതു മുന്നിൽ കണ്ടാണു കാർത്തി മുൻകൂർ ജാമ്യം തേടിയത്.