ഇമോജി ചിരിക്കട്ടെ, കരയട്ടെ; അധിക്ഷേപമല്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ∙ വാട്സാപ്പിലോ ഫെയ്സ്ബുക്കിലോ പോസ്റ്റിനു താഴെ ചിരിയുടെയോ കരച്ചിലിന്റെയോ ഇമോജി പോസ്റ്റ് ചെയ്യുന്നത് അധിക്ഷേപമായി കണക്കാക്കാനാവില്ലെന്നു മദ്രാസ് ഹൈക്കോടതി. ബിഎസ്എൻഎൽ ജീവനക്കാരിയായ വിജയലക്ഷ്മി സഹപ്രവർത്തകർക്കെതിരെ നൽകിയ പരാതി തള്ളിക്കൊണ്ടാണു ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവ്.

രണ്ടുവർഷം മുൻപാണു കേസിനാസ്പദമായ സംഭവം. ബിഎസ്എൻഎൽ സേവനവുമായി ബന്ധപ്പെട്ട് ഉപഭോക്താവിന്റെ പരാതിയടങ്ങുന്ന വിഡിയോ സന്ദേശം വിജയലക്ഷ്മി സഹപ്രവർത്തകരുടെ വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. മറുപടിയായി സഹപ്രവർത്തകർ കൂട്ടത്തോടെ പോസ്റ്റ് ചെയ്ത ഇമോജി തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നു കാണിച്ചു പട്ടികജാതി, വർഗ പീഡനവിരുദ്ധ നിയമപ്രകാരം വിജയലക്ഷ്മി പരാതി നൽകി. തുടർന്നു പൊലീസ് കേസെടുത്തു.

ബിഎസ്എൻഎലിനെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റിനോടു സ്വാഭാവികമായി പ്രതികരിക്കുക മാത്രമാണു ചെയ്തതെന്നും കേസ് റദ്ദാക്കണമെന്നും അപേക്ഷിച്ചു സഹപ്രവർത്തകർ കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കാൻ നിർദേശിച്ച ജസ്റ്റിസ് എസ്.എസ്.സുന്ദർ, എല്ലാവർക്കും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും വിധിച്ചു.