നീരവ് മോദിക്ക് അരഡസൻ പാസ്പോർട്ട്; കേസെടുക്കും

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,400 കോടി രൂപ തട്ടിച്ചെടുത്തു മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്ക് ആറ് ഇന്ത്യൻ പാസ്പോർട്ട് ഉള്ളതായി കണ്ടെത്തി. പാസ്പോർട്ട് റദ്ദാക്കിയിട്ടും നീരവ് മോദി ബൽജിയത്തിൽ എത്തിയതായി കണ്ടതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇതു വ്യക്തമായത്. ഒന്നിലേറെ പാസ്പോർട്ട് കൈവശം വച്ചതിനു മോദിക്കെതിരെ കേസെടുക്കും.

ആറു പാസ്പോർട്ടുള്ളതിൽ രണ്ടെണ്ണം മാറിമാറി ഉപയോഗിക്കുന്നവയാണ്. ഇതിൽ ഒരെണ്ണം മോദിയുടെ പൂർണമായ പേരോടുകൂടിയതും രണ്ടാമത്തേത് ആദ്യ പേരു മാത്രമുള്ളതുമാണ്. ഇതിൽ 40 മാസത്തെ ബ്രിട്ടിഷ് വീസയുമുണ്ട്. ഇപ്പോഴത്തെ യാത്രകൾക്ക് ഈ പാസ്പോർട്ടാണ് ഉപയോഗിക്കുന്നതെന്നു കരുതുന്നു. ഈ രണ്ടു പാസ്പോർട്ടും ഇന്ത്യ റദ്ദാക്കി വിവരം ഇന്റർപോളിനെ അറിയിച്ചതാണ്. റദ്ദാക്കിയ പാസ്പോർട്ടുകളുടെ ഉപയോഗം തടയുന്നതു സംബന്ധിച്ചു രാജ്യാന്തരതലത്തിൽ നിലവിലുള്ള ആശയക്കുഴപ്പം മുതലാക്കിയാവും നീരവ് യാത്ര ചെയ്തത്.

നീരവ് മോദിയുടെ തട്ടിപ്പുകേസ് അന്വേഷിക്കുന്ന സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മോദിയെ അറസ്റ്റു ചെയ്യുന്നതിന് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്.