ഉത്തർപ്രദേശിൽ വീണ്ടും കൊടുംക്രൂരത; ഗോഹത്യാശ്രമം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു

ഹാപുർ ∙ ഉത്തർപ്രദേശിലെ പിലാഖുവ ഗ്രാമത്തിൽ ഗോഹത്യാ ശ്രമമാരോപിച്ചു ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. മർദനമേറ്റ മറ്റൊരാൾ ഗുരുതര നിലയിൽ. ഡൽഹിയിൽനിന്ന് 70 കിലോമീറ്റർ മാത്രം അകലെയാണു പിലാഖുവ. തിങ്കളാഴ്ചയാണു ക്രൂരത അരങ്ങേറിയത്. ഖാസിം (45) എന്നയാളാണു കൊല്ലപ്പെട്ടത്. സമായുദ്ദീൻ (65) പരുക്കുകളോടെ ആശുപത്രിയിലാണ്. രണ്ടുപേരെ അറസ്റ്റ് ചെയ്തു.

ഇരുചക്ര വാഹനത്തിൽ ഗ്രാമത്തിലെത്തിയ ഖാസിമും സമായുദ്ദീനും നാട്ടുകാരുമായുണ്ടായ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു. എന്നാൽ ഖാസിമിന്റെയും സമായുദ്ദീന്റെയും കുടുംബാംഗങ്ങളും പിടിയിലായവരും ഇതു നിഷേധിക്കുന്നു. പശുമോഷണവുമായി ബന്ധപ്പെട്ടാണു തർക്കം തുടങ്ങിയതെന്നാണ് ഇരുകൂട്ടരുടെയും വാദം. ഇതു ശരിവയ്ക്കുന്ന വിഡിയോ പുറത്തുവന്നിട്ടുമുണ്ട്.

ഇതിൽ, മുറിവേറ്റു വീണുകിടക്കുന്ന ഖാസിം നിലവിളിക്കുന്നതും അക്രമികളെ ഒരാൾ വിലക്കുന്നതും കാണാം. ‘നമ്മൾ എത്തിയില്ലെങ്കിൽ രണ്ടു മിനിറ്റിനുള്ളിൽ പശുവിനെ കൊന്നേനെ’യെന്നു മറ്റൊരാൾ പറയുന്നതും വ്യക്തമാണ്. ‘അയാൾ കശാപ്പുകാരനാണ്. പശുക്കുട്ടിയെ കൊല്ലാൻ നോക്കിയതെന്തിനെന്ന് അയാളോടു ചോദിക്കൂ’ എന്നു മൂന്നാമതൊരാൾ പറയുന്നതും വിഡിയോയിലുണ്ട്. എന്നാൽ പൊലീസ് റിപ്പോർട്ടിലോ സമായുദ്ദീന്റെ കുടുംബം നൽകിയ പരാതിയിലോ പശുവുമായി ബന്ധപ്പെട്ട പരാമർശങ്ങളില്ല. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണു പൊലീസ് നിലപാട്.