നിർമല സീതാരാമന്റെ ഭർത്താവ് രാജിവച്ചു

പറകാല പ്രഭാകർ

ഹൈദരാബാദ് ∙ പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് പറകാല പ്രഭാകർ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഉപദേശക സ്ഥാനം രാജിവച്ചു. കമ്യൂണിക്കേഷൻസ് ഉപദേഷ്ടാവായി കാബിനറ്റ് റാങ്കോടെ 2014 ജൂണിലാണു പ്രഭാകർ നിയമിതനായത്. ആന്ധ്ര സർക്കാരിന്റെ ഭാഗമായി താൻ പ്രവർത്തിക്കുന്നതു ചൂണ്ടിക്കാട്ടി, നായിഡുവിന്റെ കേന്ദ്രസർക്കാരിനെതിരെയുള്ള പോരാട്ടം നാടകമാണെന്നു പ്രതിപക്ഷ നേതാക്കൾ ആരോപിച്ചതിൽ മനം നൊന്താണു രാജിയെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പ്രഭാകർ പറയുന്നു.

‘എന്റെ കുടുംബാംഗങ്ങൾ (നിർമല) വ്യത്യസ്തമായ രാഷ്്ട്രീയ കാഴ്ചപ്പാടുള്ള മറ്റൊരു പാർട്ടിയിൽ (ബിജെപി) പ്രവർത്തിക്കുന്നതിനാൽ ഞാൻ ആന്ധ്രയുടെ താൽപര്യങ്ങൾക്കു വേണ്ടി നിൽക്കില്ലെന്നു ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇതെന്നെ വേദനിപ്പിക്കുന്നു’– കത്തിൽ പറയുന്നു. വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡിയുടെ ആരോപണങ്ങളാണു കൂടുതൽ വേദനിപ്പിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. പ്രത്യേക സംസ്ഥാന പദവി നൽകാതെ ആന്ധ്രയിലെ ജനങ്ങളെ ബിജെപി വഞ്ചിച്ചെന്നാരോപിച്ചു നായിഡു എൻഡിഎ സഖ്യം വിട്ടതു മാർച്ചിലാണ്.