തമിഴ്നാടിന്റെ എയിംസ് മധുരയിൽ

ചെന്നൈ∙ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു പ്രയോജനപ്പെടുന്ന രീതിയിൽ തമിഴ്നാട്ടിലെ മധുരയിൽ എയിംസ് ആശുപത്രി സ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. മധുരയിലെ തോപ്പൂരിലാണ് 1500 കോടി രൂപ ചെലവഴിച്ച് 200 ഏക്കറിൽ എയിംസ് സ്ഥാപിക്കുന്നത്. 750 കിടക്കകളുള്ള എയിംസിൽ 100 എംബിബിഎസ് സീറ്റുകളും 60 നഴ്സിങ് സീറ്റുകളും ഉണ്ടാകും. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, മെച്ചപ്പെട്ട റോഡ് സൗകര്യങ്ങൾ എന്നിവ പരിഗണിച്ചാണു മധുരയിൽ എയിംസ് അനുവദിച്ചത്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്കു മധുരയിലേക്കു ട്രെയിന്‍, ബസ് സൗകര്യമുണ്ട്. മധുര വിമാനത്താവളത്തിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോമീറ്റര്‍ ദൂരെയാണു തോപ്പൂര്‍.