കനത്ത സുരക്ഷയിൽ അമർനാഥ് തീർഥാടനം ഇന്നു മുതൽ

ന്യൂഡൽഹി∙ വാഹനങ്ങൾക്കു പ്രത്യേക ചിപ്പ് ഘടിപ്പിച്ച ബാഡ്ജടക്കം ഇന്നോളമില്ലാത്ത കനത്ത സുരക്ഷയൊരുക്കി, അമർനാഥ് തീർഥാടനത്തിന് ഇന്നു തുടക്കം. കഴിഞ്ഞവർഷം അമർനാഥ് തീർഥാടകരെ ആക്രമിച്ച് എട്ടുപേരെ കൊലപ്പെടുത്തിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ 40,000 സായുധ സേനാംഗങ്ങളെയും സംസ്ഥാന പൊലീസിനെയുമാണു വിന്യസിച്ചിരിക്കുന്നത്.

തീർഥാടക വാഹനങ്ങളിൽ ഘടിപ്പിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ വഴി വാഹനങ്ങളെ കൺട്രോൾ റൂം വഴി നിരീക്ഷിക്കും. അടിയന്തര ഇടപെടലിനു നൂറംഗ പ്രത്യേക സേനയെയും ഒരുക്കി നിർത്തിയിട്ടുണ്ട്. ക്യാമറ ഘടിപ്പിച്ച ഹെൽമറ്റുമായി കമാൻഡോകളുടെ ബൈക്ക് സ്ക്വാഡ് റോന്തുചുറ്റും. മൊത്തം സുരക്ഷയ്ക്കു സഹായകരമാവുംവിധം വിഡിയോ ചിത്രീകരണമാണു ലക്ഷ്യം.

ബുള്ളറ്റ് പ്രൂഫ് വാഹനസുരക്ഷ, സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കാൻ തുടർ പരിശോധനകൾ, സിസിടിവി, ഡ്രോൺ ക്യാമറ നിരീക്ഷണം എന്നിവയുമുണ്ട്. 2.11 ലക്ഷത്തിലധികം പേരാണ് ഇക്കുറി തീർഥാടനത്തിനു റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് 26നു രക്ഷാബന്ധൻ ദിവസം സമാപിക്കും.