നമ്മൾ ഒഴിവായി; ഇനി ഏറ്റവും ദരിദ്രരുള്ള രാജ്യം നൈജീരിയ

ന്യൂഡൽഹി ∙ ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യം എന്ന സ്ഥാനത്തുനിന്ന് ഇന്ത്യയ്ക്കു മോചനം. ഒടുവിലത്തെ കണക്കു പ്രകാരം, എട്ടു കോടി 70 ലക്ഷം ദരിദ്രരുള്ള നൈജീരിയയാണ് ഒന്നാമത്. രണ്ടാം സ്ഥാനം കോംഗോയ്ക്കാണ്. ഏഴു കോടി 70 ലക്ഷം ദരിദ്രരുള്ള ഇന്ത്യ മൂന്നാം സ്ഥാനത്ത്. ഇന്ത്യയിൽ ഓരോ മിനിറ്റിലും 44 പേർ ദാരിദ്ര്യരേഖയ്ക്കു മുകളിലേക്കു കയറുകയാണ്.

അതേസമയം, നൈജീരിയയിൽ ഓരോ മിനിറ്റിലും ആറുപേർ ദാരിദ്ര്യരേഖയ്ക്കു താഴേക്കു പോകുന്നു. ഈനിലയിൽ മുന്നോട്ടുപോയാൽ 2030 ആകുമ്പോൾ കൊടുംദാരിദ്ര്യം ഇന്ത്യയിൽനിന്ന് അപ്രത്യക്ഷമാകും എന്നാണു കണക്കാക്കുന്നത്. ഒരു ദിവസം 1.9 ഡോളർ (75 രൂപയോളം) വരുമാനം ഇല്ലാത്തവരെയാണു ദരിദ്രരുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നത്. ബ്രൂക്കിംഗ്സ് നടത്തിയ പഠനത്തിലെ ഈ വിവരങ്ങൾ ഫ്യൂച്ചർ ഡവലപ്മെന്റ് എന്ന ബ്ലോഗിലൂടെയാണു പുറത്തുവിട്ടത്.