നീരവിന് ഒരൊറ്റ പാസ്പോർട്ട് മാത്രം: വിദേശ മന്ത്രാലയം

ന്യൂഡൽഹി ∙ പതിമൂവായിരം കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തിയശേഷം രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിക്ക് ഒന്നിലധികം പാസ്പോർ‍ട്ട് ഇല്ലായിരുന്നുവെന്നു വിദേശകാര്യ മന്ത്രാലയം. ഇയാളെ തിരികെ കൊണ്ടുവരുന്നതിനു നടപടിയെടുക്കാൻ ആരും സമീപിച്ചിട്ടില്ലെന്നും മന്ത്രാലയ വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.

പാസ്പോർട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ റദ്ദാക്കിയശേഷവും നീരവ് വിദേശയാത്ര ചെയ്തെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. മറ്റു ചില രാജ്യങ്ങളുടെ പാസ്പോർട്ടിലായിരുന്നു യാത്രയെന്നാണു സൂചന. എന്നാൽ, ഇയാളുടെ പേരിൽ റെഡ് കോർണർ നോട്ടിസ് ഇറക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ഇന്റർപോൾ ഇനിയും നടപടിയെടുത്തിട്ടില്ല. പ്രാബല്യമുള്ള ഒന്നിലധികം പാസ്പോർട്ട് ഒരുസമയത്തും നീരവിന് ഇല്ലായിരുന്നുവെന്നു രവീഷ് കുമാർ പറഞ്ഞു.

ഓരോ പാസ്പാർട്ടും റദ്ദാക്കിയശേഷമാണ് അടുത്തതു നൽകിയിട്ടുള്ളത്. അവസാനത്തെ പാസ്പോർട്ട് റദ്ദാക്കിയതു വിവിധ രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. ഇയാൾക്കു പ്രവേശനം അനുവദിക്കരുതെന്നും കണ്ടെത്തിയാൽ വിവരം നൽകണമെന്നും പല രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. ഒന്നിലധികം പാസ്പോർട്ട് കൈവശംവച്ചതിനു നീരവിനെതിരെ നടപടിയെടുക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ആ സാഹചര്യമില്ലെന്നാണു മന്ത്രാലയത്തിന്റെ വിശദീകരണത്തിൽ സൂചിപ്പിക്കുന്നത്.