കശ്മീരിൽ 500 വനിതാ സിആർപിഎഫുകാരെ നിയോഗിക്കുന്നു

ശ്രീനഗർ∙ കശ്മീർ താഴ്‌വരയിൽ കല്ലേറു നടത്തുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന സ്ത്രീകളടങ്ങുന്ന ജനക്കൂട്ടത്തെ കൈകാര്യം ചെയ്യാൻ സിആർപിഎഫ് 500 വനിതകളെ രംഗത്തിറക്കുന്നു. കശ്മീരിൽ ആദ്യമായാണ് വനിത സിആർപിഎഫുകാരെ സുരക്ഷാ ജോലികൾക്കും ക്രമസമാധാന പാലനത്തിനും നിയോഗിക്കുന്നത്.

ഛത്തീസ്ഗഡിലും ജാർഖണ്ഡിലും നേരത്തെ നക്സലുകളെ നേരിടാൻ വനിത സിആർപിഎഫുകാരെ രംഗത്തിറക്കിയിരുന്നു. 45 ദിവസത്തെ തീവ്രപരിശീലനത്തിനുശേഷമാണ് ഇപ്പോൾ കശ്മീരിൽ വനിതകളെ നിയോഗിക്കുന്നത്. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി വിവിധതരത്തിലുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ ഇവർക്കു പ്രത്യേക പരിശീലനം നൽകുന്നുണ്ട്.

മൂന്നു ലക്ഷത്തോളം പേരെയാണു സിആർപിഎഫ് കശ്മീരിൽ ഭീകരവിരുദ്ധ നടപടികൾക്കും ക്രമസമാധാന പാലനത്തിനും നിയോഗിച്ചിരിക്കുന്നത്.