നീരവ് മോദിക്കും സഹോദരനുമെതിരെ റെഡ് കോർണർ നോട്ടിസ്

ന്യൂഡൽഹി∙ പതിമൂവായിരം കോടി രൂപയുടെ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പാത്തട്ടിപ്പുകേസിൽ പ്രതികളായ നീരവ് മോദി, സഹോദരൻ നിശാൽ മോദി, കമ്പനി ജീവനക്കാരൻ സുബാഷ് പറബ് എന്നിവർക്കെതിരെ ഇന്റർപോൾ (ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ) റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചു. സിബിഐയുടെ അപേക്ഷപ്രകാരമാണു നടപടി. ജൂൺ 29നു പ്രാബല്യത്തിലായ നോട്ടിസ് ഇന്നലെയാണു പുറത്തുവിട്ടത്.

ഇന്റർപോളിലെ 192 അംഗരാജ്യങ്ങൾക്കും ഇതുസംബന്ധിച്ച വിശദാംശങ്ങൾ കൈമാറി. ഇതുപ്രകാരം കണ്ടാലുടൻ അറസ്റ്റ് രേഖപ്പെടുത്താനാകും. റദ്ദാക്കിയവ ഉൾപ്പെടെ മോദിയുടെ അഞ്ച് പാസ്പോർട്ടുകളുടെ വിശദാംശങ്ങളും നോട്ടിസിലുണ്ട്. വ്യാജരേഖകൾ നൽകി 13,000 കോടി രൂപ വെട്ടിച്ച സംഭവത്തിൽ പിഎൻബി സിബിഐയെ സമീപിക്കുന്നതിനു മുൻപേ ജനുവരി ആദ്യവാരമാണു പ്രതികളായ നീരവ് മോദി, ഭാര്യ ആമി മോദി, സഹോദരൻ നിശാൽ മോദി, അമ്മാവൻ മെഹുൽ ചോക്സി എന്നിവർ രാജ്യം വിട്ടത്.

അന്വേഷണസംഘം തിരയുമ്പോൾ, നീരവ് മോദി ലണ്ടനിലെ ഫ്ലാറ്റിൽ കഴിയുന്നതായി വിവരം പുറത്തുവന്നിരുന്നു. ഇന്റർപോൾ മുഖേന സിബിഐ ഫെബ്രുവരി 15ന് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നെങ്കിലും ലക്ഷ്യം കണ്ടില്ല. നീരവിന്റെ പാസ്പോർട്ട് റദ്ദാക്കിയ വിവരം ഫെബ്രുവരി 24നു ഇന്റർപോൾ അംഗരാജ്യങ്ങളെയെല്ലാം അറിയിച്ചിരുന്നു.

ഇതിനു ശേഷവും വിവിധ രാജ്യങ്ങളിലേക്കു നീരവ് യാത്ര ചെയ്തതായി കണ്ടെത്തി. മറ്റു ചില രാജ്യങ്ങളുടെ പാസ്പോർട്ടിലായിരുന്നു യാത്രകളെന്നാണു സൂചന. വ്യാജരേഖകൾ ഹാജരാക്കി നീരവ് മോദി തന്റെ സ്ഥാപനങ്ങൾ വഴി 6498.20 കോടി രൂപയും ചോക്സി 7080.86 കോടി രൂപയും പിഎൻബിയിൽനിന്നു വായ്പയെടുത്തു മുങ്ങിയെന്നാണു സിബിഐ നൽകിയ കുറ്റപത്രത്തിലുള്ളത്. ആകെ 22 പ്രതികളാണുള്ളത്.