സുനന്ദയുടെ മരണം: തരൂർ ഹാജരായി ജാമ്യമെടുത്തു

ന്യൂഡൽഹി∙ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസിൽ ഭർത്താവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ എംപി കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. ആദ്യമായാണു തരൂർ കോടതിയിൽ നേരിട്ടു ഹാജരാകുന്നത്. പട്യാല ഹൗസ് അഡീഷനൽ ചീഫ് മെട്രോപൊലിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ ഹാജരായ തരൂരിനു കോടതി സ്ഥിരം ജാമ്യം അനുവദിച്ചു.

ജാമ്യത്തുകയായി രണ്ടുലക്ഷം രൂപ കെട്ടിവച്ചു. കോടതിയെ അറിയിക്കാതെ രാജ്യം വിട്ടുപോകരുതെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുതെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകനായ വികാസ് ബഹ്‌വയാണു തരൂരിനു വേണ്ടി ഹാജരായത്. കേസ് വീണ്ടും 26ന് ഇതേ കോടതി പരിഗണിക്കും. കുറ്റപത്രത്തിലെയും അനുബന്ധ രേഖകളിലെയും വിവരങ്ങൾ അനുമതിയില്ലാതെ മറ്റാർക്കും നൽകരുതെന്നു പ്രോസിക്യൂഷനും പ്രത്യേക അന്വേഷണ സംഘത്തിനും കോടതി ഇടക്കാല നിർദേശം നൽകി.

തരൂരിന്റെ അഭിഭാഷകന്റെ ആവശ്യത്തെ തുടർന്നാണിത്. മേൽക്കോടതിയായ പട്യാല ഹൗസ് സിബിഐ പ്രത്യേക കോടതിയിൽ നിന്നു കഴിഞ്ഞ ദിവസം തരൂരിനു മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇന്നലെ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാൻ തരൂരിന്റെ അഭിഭാഷകൻ അനുവാദം തേടിയെങ്കിലും പുതിയ അപേക്ഷയുടെ ആവശ്യമില്ലെന്നു വ്യക്തമാക്കിയ അഡീഷനൽ ചീഫ് മെട്രോപൊലിറ്റൻ മജിസ്ട്രേട്ട് സമർ വിശാൽ, മുൻകൂർ ജാമ്യം സ്ഥിരം ജാമ്യമാക്കി ഉത്തരവിടുകയായിരുന്നു. ഇതോടെ വിചാരണ സമയത്ത് അത്യാവശ്യഘട്ടത്തിൽ മാത്രം തരൂർ ഹാജരായാൽ മതിയാവും.

കുറ്റപത്രത്തിന്റെ പകർപ്പു തരൂരിനു നൽകാനും കോടതി നിർദേശിച്ചു. കേസിൽ കക്ഷിചേർക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആവശ്യത്തെ തരൂരിന്റെ അഭിഭാഷകനും ഡൽഹി പൊലീസും എതിർത്തു. ഇക്കാര്യവും 26നു കോടതി പരിഗണിക്കും. തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണു പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. 2014 ജനുവരി 17ന് ആണു ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.