മലേഷ്യൻ പ്രധാനമന്ത്രിയും സാക്കിർ നായിക്കും കൂടിക്കാഴ്ച നടത്തി

സാക്കിർ നായിക്കും മഹാതീർ മുഹമ്മദും (ഫയൽ ചിത്രം)

ക്വാലലംപുർ∙ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ഇന്ത്യയിലേക്ക് നാടുകടത്തില്ലെന്ന മലേഷ്യൻ സർക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, പ്രധാനമന്ത്രി മഹാതീർ മുഹമ്മദും നായിക്കും കൂടിക്കാഴ്ച നടത്തി. തീവ്രവാദപ്രവർത്തനം അടക്കമുള്ള കുറ്റങ്ങളാണ് നായിക്കിനെതിരെ ഇന്ത്യയിൽ ചുമത്തിയിട്ടുള്ളത്.

മലേഷ്യയിൽ സ്ഥിരതാമസ പദവിയുള്ള നായിക്ക് അവിടെ കുറ്റകൃത്യങ്ങളിലൊന്നും പെടാത്തതുകൊണ്ട് നടപടിയെടുക്കാൻ കഴിയില്ലെന്നാണു മഹാതീർ മുഹമ്മദ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ശനിയാഴ്ച സാക്കിർ മഹാതീറിനെ സന്ദർശിക്കുകയും ചെയ്തു. സാക്കിർ നായിക്കിനെ വിട്ടുകിട്ടണമെന്ന് ജനുവരിയിലാണ് ഇന്ത്യ മലേഷ്യയോട് ആവശ്യപ്പെട്ടത്. അനുകൂല പ്രതികരണമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. അതുണ്ടായില്ലെന്നു മാത്രമല്ല മലേഷ്യൻ പ്രധാനമന്ത്രി അദ്ദേഹത്തെ നേരിട്ടു കാണുക കൂടി ചെയ്തത് ഇന്ത്യൻ ശ്രമങ്ങൾക്കു തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു.

ഇന്ത്യയിലേക്കു മടങ്ങാൻ ആലോചനയില്ലെന്നും കോടതി നടപടികൾക്കു വരണമെങ്കിൽപ്പോലും സുരക്ഷ സംബന്ധിച്ച ആശങ്ക ദൂരീകരിക്കണമെന്നും സാക്കിർ പറഞ്ഞിരുന്നു.