ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിയാതെ കുഞ്ഞ് മരിച്ചു; 108 ആംബുലൻസ് സിഇഒയ്ക്കെതിരെ കേസ്

റായ്‌പുർ (ഛത്തീസ്ഗഡ്)∙ ആംബുലൻസിന്റെ വാതിൽ തുറക്കാൻ താമസിച്ചതുമൂലം കുഞ്ഞു മരിക്കാനിടയായതിന് 108 ആംബുലൻസ് കമ്പനിയുടെ സിഇഒയ്ക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ മെഡിക്കൽ ഓഫിസറുടെ പരാതിയെ തുടർന്നാണു നടപടി.

ഗുരുതരമായ ഹൃദ്രോഗം ബാധിച്ച രണ്ടരമാസം പ്രായമുള്ള കുഞ്ഞാണ് ആശുപത്രിക്കു മുന്നിലെത്തിയിട്ടും ആംബുലൻസിന്റെ വാതിൽ തുറക്കാൻ 40 മിനിറ്റു താമസിച്ചതു മൂലം മരിച്ചത്. ജനൽച്ചില്ലു താഴ്ത്തി കുഞ്ഞിനെ ഡോ. ബി.ആർ.അംബേദ്ക്കർ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ‌ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആംബുലൻസ് സർവീസ് നടത്തുന്നവർ വാഹനം കേടുപാടു പോക്കി സൂക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും അവരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിനു കാരണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ പരാതിയിൽ പറയുന്നു. എന്നാൽ വാതിൽ തുറക്കാൻ 15 മിനിറ്റു മാത്രമേ താമസിച്ചുള്ളൂവെന്ന് ആംബുലൻസ് കമ്പനി അറിയിച്ചു.