Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

108 ആംബുലൻസ് അഴിമതി: വയലാർ രവിയുടെ മകൻ ഉൾപ്പെടെ മൂന്നു പേർക്കെതിരെ കുറ്റപത്രം

ജയ്പുർ ∙ 108 ആംബുലൻസ് അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി വയലാർ രവിയുടെ മകൻ രവി കൃഷ്ണയുൾപ്പെടെ മൂന്നു പേർക്കെതിരെ സിബിഐ കോടതിയിൽ കുറ്റപത്രം നൽകി. ആംബുലൻസ് സേവന കമ്പനിയായ സിഖിൽസയുടെ മുൻ ഡയറക്ടർ സ്വേത മംഗൽ, ജീവനക്കാരനായിരുന്ന അമിത് ആന്റണി അലക്സ് എന്നിവരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നു. 

രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ സച്ചിൻ പൈലറ്റ്, രാജസ്ഥാൻ മുൻ ആരോഗ്യമന്ത്രി എ.എ.ഖാൻ, മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി തുടങ്ങിയവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിബിഐ വ്യക്തമാക്കി. 

ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ആരോപിച്ചിട്ടുള്ള കുറ്റം. ആംബുലൻസ് നടത്തിപ്പു കരാർ സിഖിൽസയ്ക്കു ലഭിക്കാൻ ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ വ്യവസ്ഥകളിലും ടെൻഡർ മാനദണ്ഡങ്ങളിലും ഇളവു വരുത്തിയെന്നാണ് കേസ്. പ്രാഥമികാന്വേഷണത്തിൽ രണ്ടരക്കോടി രൂപയുടെ തിരിമറിയാണു കണ്ടെത്തിയിട്ടുള്ളത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തറിന്റെ പേരും പ്രഥമ വിവര റിപ്പോർട്ടിലുണ്ടായിരുന്നു. 

ബിജെപി നേതാവും ജയ്പുർ മുൻ മേയറുമായ പങ്കജ് ജോഷി 2014ൽ നൽകിയ പരാതിയിൽ അശോക് നഗർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് 2015 ഓഗസ്റ്റ് 28നാണ് സിബിഐക്കു കൈമാറിയത്. 

ആരോപണവിധേയരുടെ നിരപരാധിത്വം നിയമനടപടികളിലൂടെ തെളിയിക്കുമെന്നു സിഖിൽസയുടെ സിഇഒ: നരേഷ് ജെയിൻ പറഞ്ഞു. 

ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ കമ്പനി വ്യക്തമാക്കിയിരുന്നു. സച്ചിനും കാർത്തിയും കമ്പനിയുടെ സ്വതന്ത്ര ഡയറക്ടർമാരായിരുന്നു. കാർത്തി 2012 ഫെബ്രുവരിയിലും സച്ചിൻ 2004 മാർച്ചിലും സ്ഥാനമൊഴിഞ്ഞു. ഇരുവരും കമ്പനിയിൽ പണം മുടക്കിയിട്ടില്ല. കമ്പനിയുടെ സ്ഥാപകരിലൊരാളായ ഷാഫിയും 2008ൽ ഡയറക്ടർ സ്ഥാനമൊഴിഞ്ഞതാണ്. കരാർ റദ്ദാക്കുകയല്ല, 2013 ൽ കാലാവധി അവസാനിക്കുകയാണുണ്ടായതെന്നും ആംബുലൻസുകളെല്ലാം മടക്കി നൽകിയിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.