എംഎൽഎമാരുടെ ആദായനികുതിയും അടച്ചത് ഹരിയാന സർക്കാർ

ചണ്ഡിഗഡ്∙ എംഎൽഎമാർക്കുള്ള ശമ്പളത്തിനും അലവൻസുകൾക്കും പുറമേ അവരുടെ ആദായനികുതി കൂടി അടച്ച ഹരിയാന സർക്കാർ പുലിവാൽ പിടിച്ചു. 2010 മുതൽ കഴിഞ്ഞ വർഷം വരെ എംഎൽഎമാരുടെ ആദായനികുതിയായി 2.87 കോടി രൂപയാണു സർക്കാർ അടച്ചത്. വിവരാവകാശപ്രകാരം മറുപടി നൽകുന്നതിനായി രേഖകൾ പരിശോധിച്ചപ്പോഴാണ് അബദ്ധം മനസ്സിലാക്കിയത്. എംഎൽഎമാർ സ്വന്തമായി അടയ്ക്കേണ്ട നികുതി കൂടി സർക്കാർ അടയ്ക്കുകയായിരുന്നു. എംഎൽഎമാരിൽനിന്നും മുൻ എംഎൽഎമാരിൽനിന്നും അടച്ച നികുതിപ്പണം തിരികെ ഈടാക്കാനുള്ള ശ്രമത്തിലാണു സർക്കാർ. മാസംതോറും 20,000 രൂപയാണു തിരിച്ചുപിടിക്കുന്നത്.