എണ്ണിയെണ്ണി ആരോപണം, കെട്ടിപ്പിടിത്തം, കണ്ണിറുക്കൽ...

ന്യൂഡൽഹി∙ ലോക്സഭയിൽ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനം നിറഞ്ഞ പ്രസംഗത്തിനൊടുവിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നാടകീയ നീക്കം. 

പതിനഞ്ചു വർഷത്തിനിടെ ലോക്സഭ സാക്ഷ്യംവഹിച്ച ആദ്യ അവിശ്വാസ പ്രമേയത്തിലെ തീപ്പൊരി ചർച്ചയിൽ, മോദിക്കെതിരെ ആരോപണങ്ങൾ അക്കമിട്ടു നിരത്തിയശേഷം രാഹുൽ നടത്തിയ അപ്രതീക്ഷിത നീക്കം പ്രധാനമന്ത്രിയെയും ഭരണപക്ഷത്തെയും സ്തബ്ധരാക്കി. എന്താണു സംഭവിക്കുന്നതെന്നറിയാതെ പ്രതിപക്ഷവും ഒരുനിമിഷം അമ്പരന്നു. 

സീൻ ഒന്ന്: കെട്ടിപ്പിടിത്തം 

‘നിങ്ങൾ എന്നെ പപ്പു എന്നു വിളിക്കുന്നു. എനിക്കെതിരെ വിദ്വേഷം പരത്തുന്നു. പക്ഷേ, നിങ്ങളോട് എനിക്കു സ്നേഹം മാത്രം. വിദ്വേഷം പരത്തുന്നവരെ സ്നേഹിക്കുന്നവരാണു യഥാർഥ കോൺഗ്രസുകാർ, അവരാണു യഥാർഥ ഹിന്ദു. യഥാർഥ ഇന്ത്യക്കാരന്റെ അർഥം എന്നെ പഠിപ്പിച്ചതിനു നിങ്ങളോടു ഞാൻ നന്ദി പറയുന്നു. 

നിങ്ങളുടെയുള്ളിലെ വിദ്വേഷം മാറട്ടെ. കോൺഗ്രസുകാരുടെ മനസ്സ് നിങ്ങൾക്കു ലഭിക്കട്ടെ’ – ഈ വാക്കുകളോടെ പ്രസംഗം ഉപസംഹരിച്ച രാഹുൽ, തുടർന്ന് തന്റെ ഇരിപ്പിടം വിട്ടു ഭരണപക്ഷത്തേക്കു നടന്നുനീങ്ങി. സ്പീക്കറുടെ മുന്നിലെ ‘റ’ ആകൃതിയിലുള്ള വഴിയിലൂടെ ഭരണപക്ഷത്തേക്കു രാഹുൽ പോകുമ്പോൾ എന്താണു സംഭവിക്കുന്നതെന്നറിയാതെ സഭ ഒന്നടങ്കം വിസ്മയത്തിൽ. 

ചിരിച്ചുകൊണ്ടു തന്നെ സമീപിക്കുന്ന രാഹുലിനോട് എന്താണിതെന്ന ഭാവത്തിൽ മോദിയുടെ ആംഗ്യം. ഇരിപ്പിടത്തിൽ ചാരിയിരുന്ന മോദിയെ രാഹുൽ കുനിഞ്ഞു കെട്ടിപ്പിടിച്ചു. രാഷ്ട്രീയ എതിരാളിയുടെ അപ്രതീക്ഷിത ആലിംഗനത്തിൽ മോദി ഒരുനിമിഷം സ്തബ്ധനായി. പിന്നെ, മടങ്ങാനൊരുങ്ങിയ രാഹുലിനെ തിരികെ വിളിച്ചു ഹസ്തദാനം ചെയ്തു; അഭിനന്ദനമട്ടിൽ പുറത്തുതട്ടി. ഏതാനും വാക്കുകളും പറഞ്ഞു. 

സീൻ രണ്ട്: കണ്ണിറുക്കൽ 

ചരിത്രപരമായ ആലിംഗനം കഴിഞ്ഞു തിരികെ നടന്ന രാഹുലിനെ നോക്കി സോണിയ ഗാന്ധി നിറഞ്ഞു ചിരിച്ചു. കോൺഗ്രസ് നേതാക്കൾ എഴുന്നേറ്റുനിന്നു കയ്യടിച്ചു. ബിജെപി നേതാവ് എൽ.കെ.അഡ്വാനി ഗൗരവ ഭാവം വിടാതെയിരുന്നു. സമീപമിരുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനു ചിരി പൊട്ടി. സോണിയയ്ക്കരികെ നേതാവ് മുലായംസിങ് യാദവ് ഒരുവിധ ഭാവമാറ്റവുമില്ലാതെ ഇരുന്നു. എച്ച്.ഡി.ദേവെഗൗഡ ബെഞ്ചിലടിച്ച് ആവേശം കാട്ടി. 

ഭരണപക്ഷത്തെ യുവ എംപിമാർ രാഹുലിനെതിരെ ബഹളംവച്ചു. ആദ്യം കയ്യടിച്ച വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ അബദ്ധം മനസ്സിലാക്കി ബഹളത്തിൽ പങ്കുചേർന്നു. കോൺഗ്രസിലെ യുവരക്തങ്ങൾ തിരിച്ചടിച്ചു. സന്ദർശക ഗ്യാലറിയിലിരുന്നവരിൽ ചിലർ കയ്യടിച്ചു, സമീപ ഗ്യാലറിയിലിരുന്ന മാധ്യമപ്രവർത്തകർ സഭയിലെ നാടകീയ നീക്കങ്ങൾ ചൂടോടെ കുറിച്ചെടുത്തു! കെട്ടിപ്പിടിത്തമുണ്ടാക്കിയ പുകിലുകൾക്കും പുഞ്ചിരികൾക്കുമിടയിലൂടെ രാഹുൽ തന്റെ ഇരിപ്പിടത്തിൽ മടങ്ങിയെത്തി. തുടർന്ന് പ്രസംഗത്തിലെ അവസാന വാചകം പറഞ്ഞു: ‘ഇങ്ങനെയാവണം യഥാർഥ ഹിന്ദു.’ പ്രസംഗം തീർത്ത് ഇരിപ്പിടത്തിൽ ഇരുന്നശേഷം അരികിലിരുന്ന കോൺഗ്രസ് എംപിമാരുടെ പ്രതികരണത്തിനു മറുപടിയായി രാഹുൽ ഇടംകണ്ണിറുക്കി! 

സ്പീക്കർക്കു നീരസം 

രാഹുലിന്റെ പ്രവൃത്തി സഭാമര്യാദകൾക്കു ചേർന്നതല്ലെന്നായിരുന്നു സ്പീക്കർ സുമിത്ര മഹാജന്റെ പ്രതികരണം. ഇരിപ്പിടത്തിൽ നിന്നിറങ്ങി മോദിയെ കെട്ടിപ്പിടിക്കുകയും പിന്നാലെ കണ്ണിറുക്കുകയും ചെയ്തതു മര്യാദയ്ക്കു യോജിച്ച നടപടിയല്ല. അദ്ദേഹം മോദി എന്ന വ്യക്തിയല്ല, മറിച്ചു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. 

ആ പദവിയെ ബഹുമാനിക്കേണ്ടതുണ്ട്. ഇതു പാർലമെന്റാണ്. ഇത്തരം ചേഷ്ടകൾക്കുള്ള (കണ്ണിറുക്കൽ) ഇടമല്ല. രാഹുൽ എന്റെ ശത്രുവല്ല, അദ്ദേഹം എനിക്കു മകനെ പോലെയാണ് – സുമിത്ര പറഞ്ഞു.