ഉന്നത വിദ്യാഭ്യാസ കമ്മിഷൻ ബില്ലിനെതിരെ യച്ചൂരി

ന്യൂഡൽഹി ∙ യുജിസിക്കു പകരമായി ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ കമ്മിഷൻ രൂപീകരിക്കുന്നതിനു തയാറാക്കിയിട്ടുള്ള ബിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തെ ദോഷമായി ബാധിക്കുന്നതാണെന്നു പ്രധാനമന്ത്രിക്കുള്ള കത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു.  

വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിലേക്കു വഴിയൊരുക്കുന്നതാണു ബിൽ. ഇവിടെ പഠിപ്പിക്കേണ്ട കാര്യങ്ങളിൽ നിയന്ത്രണം നഷ്ടപ്പെടുന്നതിന് അതു വഴിവയ്ക്കും. ഇവിടത്തെ വിദ്യാഭ്യാസം നമ്മുടെ ഭരണഘടനാ മൂല്യങ്ങൾക്ക് അനുസൃതമായിരിക്കണം. വാണിജ്യവൽക്കരണം, വർഗീയവൽക്കരണം, കേന്ദ്രീകരണം എന്നിവയാണു ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്ന് യച്ചൂരി പിന്നീടു പറഞ്ഞു.

വിദ്യാഭ്യാസം കച്ചവടവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭകേന്ദ്രങ്ങളുമാക്കുകയാണു ബില്ലിന്റെ ലക്ഷ്യം. ബില്ലിനെതിരെ മതനിരപേക്ഷ കക്ഷികളെയും ബുദ്ധിജീവികളെയും വിദ്യാഭ്യാസ വിദഗ്ധരെയും സംഘടിപ്പിക്കുമെന്നും യച്ചൂരി പറഞ്ഞു.