പട്ടിണി മരണം: പിതാവിനായുള്ള അന്വേഷണം ബംഗാളിലേക്കും

ന്യൂഡൽഹി∙ കുട്ടികളുടെ പട്ടിണി മരണത്തിൽ പിതാവിനു വേണ്ടിയുള്ള അന്വേഷണം സ്വദേശമായ ബംഗാളിലേക്കും വ്യാപിപ്പിച്ചു. മൂന്നു മക്കളുടെ മരണത്തിനു ശേഷം പിതാവ് മംഗൾ സിങ് ഒളിവിലാണ്.  പട്ടിണിമരണമെന്നാണ് കരുതപ്പെടുന്നതെങ്കിലും മംഗൾ സിങ് കുട്ടികൾക്കു നൽകിയ മരുന്നിൽ വിഷാംശമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.  കിഴക്കൻ ഡൽഹിയിലെ മണ്ഡാവ്‍ലിയിൽ മാൻസി (8), പാറോ (5), സുഖോ (2) എന്നീ സഹോദരിമാരാണു പട്ടിണി കാരണം മരിച്ചത്. ഇവരുടെ മാതാവ് ബീനയ്ക്കു സംരക്ഷണം നൽകാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.