‘റോഡിൽ ഡാൻസ് കളിക്കരുത്’; കിക്കി നൃത്തത്തിനെതിരെ ബോധവൽക്കരണവുമായി പൊലീസ്

ന്യൂഡൽഹി∙ ഐസ് ബക്കറ്റ്, ഫിറ്റ്നസ് തുടങ്ങിയ ചാലഞ്ചുകൾക്കു ശേഷം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്ന  ‘കിക്കി ഡാൻസ് ചാലഞ്ച്’ പൊലീസിനു തലവേദനയാവുന്നു. രാജ്യാന്തരതലത്തിൽ വിവിധ പൊലീസ് സേനകൾ ബോധവൽക്കരണവുമായി രംഗത്തുണ്ട്. 

ഇന്ത്യയിൽ ഡൽഹി, മുംബൈ, ജയ്പുർ, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ പൊലീസ് കിക്കിക്കെതിരായി ട്വീറ്റ് ചെയ്തു.

എന്താണ് കിക്കി ചാലഞ്ച്?‌

ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നിറങ്ങിയശേഷം ‘കിക്കി ഡുയു ലവ് മി’ എന്നു തുടങ്ങുന്ന പാട്ടിനനുസരിച്ച് കാറിന്റെ ഒപ്പം നൃത്തം ചവിട്ടുക, തുടർന്ന് കാറിലേക്കു തിരിച്ചുകയറി യാത്ര തുടരുക. 

എങ്ങനെയാണു തുടങ്ങിയത്?

കനേഡിയൻ പോപ്പ്ഗായകനായ ഡ്രേക്കിന്റെ ‘കിക്കി ഡുയു ലവ് മി’ എന്ന ഗാനമാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. പക്ഷേ, കിക്കി ചാലഞ്ച് തുടങ്ങിയത് ഡ്രേക്കല്ല. ജൂൺ 30ന് അമേരിക്കൻ ഹാസ്യാവതാരകനായ ഷിഗ്ഗി ഈ പാട്ടു പാടി കാറിൽ നിന്നിറങ്ങി യാത്ര ചെയ്യുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു. ഇതു ഹിറ്റായതോടെ നടൻ വിൽസ്മിത്ത്, ഗായിക സിയാര തുടങ്ങിയവരും ചാലഞ്ചിൽ പങ്കുചേർന്നു.

ഇന്ത്യ‌യിൽ മെട്രോനഗരങ്ങളിൽ ചാലഞ്ച് ഹിറ്റാണ്. ബോളിവുഡ് നടിമാരായ അദാ ശർമ, നോറ ഫത്തേഹി, കരിഷ്മ ശർമ, നിയാ ശർമ തുടങ്ങിയവരും കിക്കി തരംഗത്തിൽ പങ്കുചേർന്നിട്ടുണ്ട്. നോറ ഫത്തേഹി ഒരു ഓട്ടോറിക്ഷയ്ക്കൊപ്പം നൃത്തം ചെയ്തു ശ്രദ്ധ നേടി. കിക്കി ചാലഞ്ച് മൂലമുണ്ടായ അപകടങ്ങളുടെ വി‍ഡിയോകളും ഒട്ടേറെ.