ജിഎസ്ടി 5, 15, 25% സ്ലാബുകളിലേക്കു ചുരുക്കുന്നത് പരിഗണനയിൽ

ന്യൂഡൽഹി∙ ജിഎസ്ടി വൈകാതെ മൂന്നു സ്ലാബുകളായേക്കും. 5, 15, 25% സ്ലാബുകളാണു സർക്കാരിന്റെ പരിഗണനയിലുള്ളത്. നിലവിൽ പൂജ്യം മുതൽ 28 ശതമാനം വരെ അഞ്ചു സ്ലാബുകളുണ്ട്. ജിഎസ്ടി ലളിതമാക്കുന്നതിന്റെ ഭാഗമായി പരിഷ്കാരം ഏർപ്പെടുത്തുന്നതിനെക്കുറിച്ചു ധനമന്ത്രാലയം ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ ആണു വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ജിഎസ്ടി കൗൺസിലിലെ മന്ത്രിസമിതി മേധാവി സുശീൽ മോദിയും ഇതേക്കുറിച്ചു സൂചന നൽകിയിരുന്നു.

ഇതിനിടെ, ജിഎസ്ടിക്കു കീഴിലുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 20% വരെ ഇളവ് അനുവദിക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. റുപേ കാർഡ്, ഭീം ആപ് തുടങ്ങിയ ആപ്ലിക്കേഷനുകൾ ഇതിനായി ഉപയോഗിക്കാമെന്നു ധനമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. പരമാവധി ഇള‌വു 100 രൂപയായിരിക്കും. ഡിജിറ്റൽ ഇടപാടു പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ഓരോ സംസ്ഥാനത്തിനും പ്രത്യേകം തീരുമാനിക്കാം.

മറ്റു തീരുമാനങ്ങൾ

∙ സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനു ധന സഹമന്ത്രി ശിവ്പ്രസാദ് ശുക്ലയുടെ അധ്യക്ഷതയിൽ മന്ത്രിസമിതി. ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം.

∙ മേഖലയുടെ നിയമപരവും ഭരണപരവും നികുതി സംബന്ധവുമായ പ്രശ്നങ്ങൾ പരിശോധിക്കുന്നതിനു കേന്ദ്ര, സംസ്ഥാന നികുതി ഓഫിസർമാരുടെ സമിതികൾ.