ഹരിവംശ്: സഭയിലെ സൗമ്യസാന്നിധ്യം

ന്യൂഡൽഹി ∙ രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പു ഫലംവന്നശേഷവും ഹരിവംശിന്റെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞുനിന്നു. ഉത്തർ പ്രദേശിലെ ബലിയയിൽ ജനിച്ച ഹരിവംശ്(62)  തന്നെ അതിന്റെ കാരണം പരോക്ഷമായി പറഞ്ഞു: മരച്ചുവട്ടിലിരുന്നു പഠിച്ച്, സർക്കാർ പ്രൈമറി സ്കൂളിൽനിന്നു തുടങ്ങിയ യാത്രയാണ് ഡൽഹിയിൽ രാജ്യസഭവരെ, ഉപാധ്യക്ഷ പദവിവരെ എത്തിയത്.

2014ലാണ് ഹരിവംശ് രാജ്യസഭാംഗമാകുന്നത്. നാലാം വർഷം ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. വിഷയങ്ങൾ ആഴത്തിൽപഠിച്ച് സംസാരിക്കുന്ന, സൗമ്യഭാവം വിടാത്ത, ക്ഷോഭിക്കാത്ത അംഗമെന്ന് അതിനകം പേരെടുത്തു. സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണും(ജെപി) ഹരിവംശും ഒരേ ഗ്രാമക്കാരാണ്. വഴികളില്ലാതിരുന്ന ഗ്രാമം. അവിടേക്കു വഴികൊണ്ടുവരുന്നതിനെക്കുറിച്ച് ചിലർ ജെപിയോട് ആഗ്രഹം പറഞ്ഞതിന്റെ കഥ ഹരിവംശ് ഇന്നലെ ഒാർത്തെടുത്തു. ഈ ഗ്രാമത്തിലേക്കു വഴി കൊണ്ടുവരാം, രാജ്യത്തെ മറ്റ് 5.5 ലക്ഷം ഗ്രാമങ്ങളിലെ സ്ഥിതിയോ?

ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ എംഎയും പത്രപ്രവർത്തനത്തിൽ ഡിപ്ളോമയും നേടി. ടൈംസ് ഒാഫ് ഇന്ത്യയിൽ ട്രെയിനിയായി തുടങ്ങി, ചില മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചു; ബാങ്ക് ഒാഫ് ഇന്ത്യയിൽ നാലു വർഷം ജോലി. വീണ്ടും മാധ്യമരംഗത്തേക്ക് – ആനന്ദ് ബസാർ പത്രികയുടെ ഭാഗമായ രവിവാറിൽ പ്രവർ‍ത്തിച്ചു. ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ അഡീഷനൽ മീഡിയ അഡ്വൈസറായി. 
പ്രഭാത് ഖബർ എന്ന പത്രത്തിന്റെ തലപ്പത്ത് കാൽനൂറ്റാണ്ട്, പ്രതിസന്ധിയിലായിരുന്ന പത്രത്തെ വളർത്തി വലുതാക്കി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള അടുപ്പമാണ് രാജ്യസഭയിലേക്കെത്തിച്ചത്. ഭാര്യ: ആശ സിങ്. രണ്ടു മക്കൾ.

ജെപിയുടെ ആരാധകൻ; പേരുമാറ്റി ഹരിവംശ്

രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഹരിവംശിന്റെ പേര് ഒരുകാലത്ത് ഹരിവംശ് നാരായൺ സിങ് എന്നായിരുന്നു. എന്നാൽ, അദ്ദേഹം ഗസറ്റിൽ വിജ്ഞാപനം ചെയ്ത് പേര് ഹരിവംശ് എന്നു മാത്രമാക്കി ചുരുക്കിയെന്ന് അധ്യക്ഷൻ എം. വെങ്കയ്യ നായിഡു രാജ്യസഭയിൽ പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായന്റെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടാണ് ഹരിവംശ് പേര് ചുരുക്കിയതെന്നും അധ്യക്ഷൻ വിശദീകരിച്ചു.