സംവരണം: സ്വകാര്യ പ്രമേയം ഭരണപക്ഷം പരാജയപ്പെടുത്തി; സർക്കാരിന്റെ ദലിത് വിരോധം വ്യക്തമായെന്ന് കോൺഗ്രസ്

മനോരമ ലേഖകൻ ന്യൂഡൽഹി∙ പട്ടിക വിഭാഗങ്ങൾക്കു സംസ്ഥാന ഭേദമന്യേ തുല്യ പരിഗണനയും സംവരണവുമുറപ്പാക്കാൻ ഭരണഘടന ഭേദഗതി െചയ്യണമെന്ന സ്വകാര്യ പ്രമേയം ഭരണപക്ഷം വോട്ടെടുപ്പിൽ പരാജയപ്പെടുത്തി. സമാജ്‌വാദി പാർട്ടിയിലെ വിശ്വംഭർ പ്രസാദ് നിഷാദ് അവതരിപ്പിച്ച പ്രമേയത്തെ 32 പേർ അനുകൂലിച്ചു; 66 പേർ എതിർത്തു. സർക്കാരിന്റെ ദലിത് വിരോധമാണ് വ്യക്തമായതെന്നു കോൺഗ്രസ് ആരോപിച്ചു. ശബ്ദവോട്ടിനുശേഷം, രേഖാമൂലമുള്ള വോട്ടെടുപ്പിനുള്ള നടപടി തുടങ്ങിയപ്പോൾ, സ്വകാര്യ പ്രമേയം വോട്ടിനിടുന്ന പതിവില്ലെന്ന് രവി ശങ്കർ പ്രസാദും സാമൂഹിക നീതി മന്ത്രി താവർ ചന്ദ് ഗെലോട്ടും വാദിച്ചു.

എന്നാൽ, വോട്ടെടുപ്പ് നടപടികൾ ഇടയ്ക്കുവച്ചു നിർത്താനാവില്ലെന്ന് ഉപാധ്യക്ഷൻ ഹരിവംശ് വ്യക്തമാക്കി. സംസ്ഥാനങ്ങൾ തമ്മിൽ പട്ടിക വിഭാഗത്തിന്റെ കാര്യത്തിൽ െഎകരൂപ്യമില്ലെന്ന് വിശ്വംഭർ നിഷാദ് പറഞ്ഞു. എന്നാൽ, ഓരോ വിഭാഗത്തെയും പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനും തീരുമാനിക്കുന്നതു പാർലമെന്റാണെന്നും കൃത്യമായ നടപടിക്രമമുണ്ടെന്നും മന്ത്രി െഗലോട്ട് പറഞ്ഞു. പ്രമേയം അംഗീകരിച്ച് ഭരണഘടനാ ഭേദഗതിക്ക് സർക്കാർ തയാറാവണമെന്ന് പല അംഗങ്ങളും വാദിച്ചു. ഇത് സർക്കാർ തള്ളിയപ്പോൾ, വോട്ടെടുപ്പു വേണമെന്നു പ്രതിപക്ഷം നിലപാടെടുക്കുകയായിരുന്നു.