പാക്ക് പട്ടാള മേധാവിയെ ആലിംഗനം ചെയ്ത സിദ്ദുവിനെതിരെ വിമർശനം

നവ്ജ്യോത്‌സിങ് സിദ്ദു

ചണ്ഡിഗഡ്∙ പഞ്ചാബ് മന്ത്രിയും മുൻക്രിക്കറ്റ് താരവുമായ നവ്ജ്യോത്‌സിങ് സിദ്ദു പാക്കിസ്ഥാൻ പട്ടാളമേധാവി ജനറൽ ഖമർ ജാവിദ് ബജ്‌വയെ ആലിംഗനം ചെയ്തതു തെറ്റായിപ്പോയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്. മുൻ ക്രിക്കറ്റ്‌താരം ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലാണു വിവാദസംഭവം. ചടങ്ങിൽ സിദ്ദു ഇരുന്നതു പാക്ക് അധിനിവേശ കശ്മീർ (പിഒകെ) പ്രസിഡന്റ് മസൂദ് ഖാനു സമീപമാണ്. ഇതും വിമർശനവിധേയമായി. ബിജെപി സിദ്ദുവിനെതിരെ രംഗത്തെത്തിയിരുന്നു.

എന്നാൽ, തന്റെ പ്രവൃത്തിയെ ഇന്നലെ തിരിച്ചെത്തിയ സിദ്ദു ന്യായീകരിച്ചു.‘ അദ്ദേഹം എന്റെ അടുത്തുവന്നു നമ്മൾ ഒരേ സാംസ്കാരിക പശ്ചാത്തലം ഉള്ളവരാണെന്നും ഗുരുനാനാക്കിന്റെ ജന്മ വാർഷികം പ്രമാണിച്ച് പാക്കിസ്ഥാനിലെ കർതാർപുർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള വഴി തുറന്നുതരാമെന്നും പറയുമ്പോൾ, അദ്ദേഹത്തെ ആലിംഗനം ചെയ്യുകയല്ലാതെ മറ്റെന്താണു ചെയ്യാനാവുക?.’ വിദേശരാജ്യത്തു പോകുമ്പോൾ ആതിഥേയർ നിർദേശിക്കുന്ന സ്ഥലത്ത് ഇരിക്കുകയല്ലാതെ നിവൃത്തിയില്ലെന്നും സിദ്ദു പറഞ്ഞു. ഇസ്‌ലാമാബാദിലെ ചടങ്ങിൽ പങ്കെടുത്ത ഏക ഇന്ത്യക്കാരൻ സിദ്ദുവാണ്. മുൻ ക്രിക്കറ്റ് താരമെന്ന നിലയിൽ ഇമ്രാൻ ഖാന്റെ പ്രത്യേകക്ഷണം അനുസരിച്ച് സ്വന്തം നിലയിലാണ് അദ്ദേഹം പോയത്.