വൈകാരിക നിമിഷത്തിൽ പെട്ടുപോയി: സിദ്ദു

ചണ്ഡിഗഡ് ∙ പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയെ വൈകാരിക നിമിഷത്തിൽ ആലിംഗനം ചെയ്തുപോയതാണെന്ന് പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ദു. അവിചാരിത കൂടിക്കാഴ്ചയ്ക്കിടെ സംഭവിച്ച വികാര പ്രകടനം ഇത്രയേറെ വിമർശിക്കപ്പെട്ടതിൽ വേദനിക്കുന്നതായും സിദ്ദു പറഞ്ഞു. ഗുരുദാസ്പുർ ജില്ലയിലുള്ള ദേരാ ബാബ നാനാക്കിൽ നിന്ന് പാക്കിസ്ഥാനിലെ കർതാർപുർ സാഹിബിലേക്ക് സിഖ് തീർഥാടകർക്കു യാത്രാനുമതി നൽകാൻ ശ്രമിക്കുകയാണെന്നു ബജ്‌വ പറഞ്ഞതു കേട്ട സന്തോഷത്തിലാണ് അങ്ങനെ ചെയ്തത്.

ഇരു കേന്ദ്രങ്ങളും തമ്മിൽ മൂന്നു കിലോമീറ്റർ ദൂരമേയുള്ളൂ. ഗുരു നാനാക് 18 വർഷം ചെലവഴിച്ച കർതാർപുർ സാഹിബിൽ ദർശനം നടത്താൻ കോടിക്കണക്കിനു സിഖുകാരാണ് കാത്തിരിക്കുന്നത്. തന്റേതു രാഷ്ട്രീയസന്ദർശനം ആയിരുന്നില്ല. സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചുപോയതാണ്. ചടങ്ങിൽ അൽപനേരം കണ്ടതല്ലാതെ പിന്നീട് ബജ്‌വയുമായി കൂടിക്കാഴ്ച ഉണ്ടായില്ല. 2015 ൽ ലഹോറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്നത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ ആലിംഗനം ചെയ്തതു പോലെയാണിതെന്ന് സിദ്ദു വിശദീകരിച്ചു. ഇമ്രാൻ ഖാൻ പാക്ക് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിയെത്തിയ ഉടനെയാണ് സിദ്ദുവിന്റെ വിശദീകരണം.