മാനഭംഗം: കേസെടുത്തില്ല; ‌ യുവതി പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കി

ഷാജഹാൻപുർ (യുപി) ∙ തന്നെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തില്ലെന്നാരോപിച്ച് പൊലീസ് സ്റ്റേഷനിൽ യുവതി തീകൊളുത്തിമരിച്ചു. സംഭവത്തെ തുടർന്ന് സ്റ്റേഷന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെയും രണ്ടു എസ്ഐമാരെയും സസ്പെൻഡ് ചെയ്തു. ആരോപണവിധേയനായ വിനയ്കുമാർ എന്നയാളും അറസ്റ്റിലായി.

ബുധനാഴ്ചയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇരുപത്തെട്ടുകാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. കേസെടുക്കാതിരുന്ന പൊലീസ്, സംഭവം ഒത്തുതീർപ്പാക്കാൻ സമ്മർദം ചെലുത്തിയതിനെ തുടർന്നുള്ള നിരാശയിലാണു തന്റെ ഭാര്യ ജീവനൊടുക്കിയതെന്നു ഭർത്താവ് രാംവീർ ആരോപിച്ചു.