‘റഫാൽ’ വിവാദമാക്കുന്നത് ധാരണയില്ലാത്തവർ: വ്യോമസേനാ സഹമേധാവി

ന്യൂഡൽഹി∙ സേനയുടെ നടപടിച്ചട്ടങ്ങളെക്കുറിച്ചു ധാരണയില്ലാത്തവരാണു റഫാൽ ഇടപാടിനെ വിമർശിക്കുന്നതെന്നു വ്യോമസേനാ സഹമേധാവി എയർ മാർഷൽ എസ്.ബി.ദേവ്. ഇന്ത്യയുടെ ആകാശക്കരുത്തിനു റഫാൽ മൂർച്ച കൂട്ടുമെന്നു ചൂണ്ടിക്കാട്ടിയ ദേവ്, യുദ്ധവിമാനത്തിനുള്ള സേനയുടെ പൂർണപിന്തുണ വ്യക്തമാക്കി. 

ഫ്രാൻസുമായുള്ള ഇടപാടു സംബന്ധിച്ച രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നതിനിടെയുള്ള സഹമേധാവിയുടെ പ്രതികരണം കേന്ദ്ര സർക്കാരിന് ഊർജംപകരും. റഫാൽ വിമാനങ്ങളുടെ നിർമാണ പുരോഗതിയും സാങ്കേതിക സവിശേഷതകളും പരിശോധിക്കാൻ സേനയുടെ ഉന്നത സംഘം വരുംദിവസങ്ങളിൽ ഫ്രാൻസ് സന്ദർശിച്ചേക്കും. 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുക. വിമാനങ്ങൾ 2019 സെപ്റ്റംബർ മുതൽ എത്തും.

അഴിമതികളുടെ മുത്തശ്ശി

റഫാൽ ഇടപാട് അഴിമതികളുടെ മുത്തശ്ശിയാണെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ശക്തി സിങ് ഗോഹിൽ ആരോപിച്ചു. ഇന്നു മുതൽ 15 വരെ ജില്ലാ ആസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രതിഷേധ ധർണകൾ സംഘടിപ്പിക്കും. 

സുപ്രീം കോടതിയിൽ

റഫാൽ ഇടപാട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും. അഭിഭാഷകനായ എം.എൽ.ശർമയാണു ഹർജി സമർപ്പിച്ചത്.