377-ാം വകുപ്പില്‍ വിധി പറഞ്ഞ ജഡ്ജിയുടെ ചോദ്യം; കേന്ദ്രത്തിനെന്താ നിലപാടില്ലേ?

ന്യൂഡൽഹി ∙ സ്വവർഗ ലൈംഗികാവകാശ കേസിൽ കേന്ദ്രസർ‍ക്കാർ നിലപാടെടുക്കാതിരുന്നതിനെ വിമർശിച്ച് സുപ്രീം കോടതിയിലെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. രാഷ്ട്രീയക്കാർ അധികാരം ജഡ്ജിമാർക്കു കൈമാറുന്ന രീതി സുപ്രീം കോടതിയിൽ പതിവായിരിക്കുകയാണെന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയ ബെഞ്ചിൽ അംഗമായിരുന്ന ചന്ദ്രചൂഡ് പറഞ്ഞു.

പ്രത്യേക നിലപാടില്ലെന്നും കോടതിയുടെ വിവേകത്തിനു വിടുന്നുവെന്നുമായിരുന്നു വാദത്തിനിടെ കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. ഇതിനെ ജസ്റ്റിസ് ചന്ദ്രചൂഡ് വിധിയിൽ വിമർശിച്ചിരുന്നു. വിധികളെക്കുറിച്ചു ജഡ്ജിമാർ കോടതിക്കു പുറത്തു പരാമർശം നടത്തുന്നതു പതിവില്ലാത്ത നടപടിയാണ്. ഡൽഹിയിലെ ദേശീയ നിയമ സർവകലാശാലയിൽ ബോധ് രാജ് സാഹ്നി സ്മാരക പ്രഭാഷണത്തിലാണു ചന്ദ്രചൂഡ് സർക്കാരിനെ വീണ്ടും വിമർശിച്ചത്.

എന്തിനാണു രാഷ്ട്രീയക്കാർ ചിലപ്പോൾ അധികാരം ജ‍ഡ്ജിമാർക്കു കൈമാറുന്നത്? അതു സുപ്രീം കോടതിയിലെ സ്ഥിരം കാഴ്ചയാണ്. 377ന്റെ കേസിലും അതു കണ്ടു. ‘കോടതിയുടെ വിവേകം’ എന്നത് എനിക്കു പ്രതികരിക്കാതിരിക്കാൻ പറ്റാത്തതരം പ്രലോഭനകരമായ തത്വമായിരുന്നു. അതുകൊണ്ടുതന്നെ വിധിന്യായത്തിൽ ഞാൻ പ്രതികരിച്ചു – ചന്ദ്രചൂഡ് പറഞ്ഞു.

ഇതിനിടെ, ലൈംഗികസ്വാതന്ത്ര്യത്തിന്റെ പേരിൽ എൽജിബിടി വ്യക്തികൾ സ്വവർഗ വിവാഹം, ദത്തെടുക്കൽ, സ്വത്തവകാശം തുടങ്ങിയ സിവിൽ‍ അവകാശങ്ങൾ ഉന്നയിച്ചാൽ എതിർക്കുമെന്നു കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. 377ന്റെ കേസിലെ വാദത്തിനിടെയും സർക്കാർ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ, എതിർപ്പിന്റെ കാരണം വ്യക്തമല്ലെന്നും ഭരണഘടനാപരമായ അവകാശമാണ് ഉന്നയിക്കുന്നതെന്നും കേസിലെ ഹർജിക്കാരിലൊരാളായ സുനിൽ മെഹ്റ പറഞ്ഞു.