റഫാൽ: കേന്ദ്ര തീരുമാനത്തെ തുണച്ച് വ്യോമസേനാ മേധാവി

ന്യൂഡൽഹി∙ ഫ്രാൻസിൽ നിന്നു 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കേന്ദ്രസർക്കാർ‍ തീരുമാനത്തെ പിന്തുണച്ച് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ. സേനയ്ക്കു കരുത്തു നൽകാൻ റഫാലിനു സാധിക്കുമെന്നും അടിയന്തര സാഹചര്യങ്ങളിൽ ഇതിനു മുൻപും സമാന പ്രതിരോധ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആണവശക്തികളായ രണ്ട് അയൽരാജ്യങ്ങളിൽ നിന്നു ഭീഷണി നേരിടുന്ന വേളയിൽ നമുക്കു യുദ്ധവിമാനങ്ങൾ വേണ്ടത്രയില്ല. 42 സ്ക്വാഡ്രണുകൾ (ഒരു സ്ക്വാഡ്രണിൽ 16–18 വിമാനങ്ങൾ) അനുവദിച്ചിട്ടുണ്ടെങ്കിലും 31 എണ്ണമേ നിലവിലുള്ളൂ. 36 വിമാനങ്ങൾ വാങ്ങുന്നതു ക്ഷാമം ഒരുപരിധി വരെ പരിഹരിക്കാൻ സഹായിക്കും – ധനോവ വ്യക്തമാക്കി.

റഷ്യയിൽ നിന്ന് എസ് 400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനുള്ള നീക്കവും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. റഫാൽ ഇടപാടിനെ അനുകൂലിച്ചു വ്യോമസേനാ സഹമേധാവി എയർ മാർഷൽ എസ്.ബി.ദേവും ഈയിടെ രംഗത്തുവന്നിരുന്നു.