ഇന്ത്യ വിടുംമുൻപ് നീരവ് മോദി വിദേശ പൗരത്വത്തിനു ശ്രമിച്ചു

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പു പുറത്തുവരുന്നതിനു മൂന്നു മാസത്തോളം മുൻപ് വജ്രവ്യാപാരി നീരവ് മോദി തെക്കൻ ശാന്തസമുദ്രത്തിലെ ചെറുരാഷ്‌ട്രമായ വന്വാടുവിൽ പൗരത്വത്തിനു ശ്രമിച്ചിരുന്നതായി റിപ്പോർട്ട്. എന്നാൽ, രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവർ പൗരത്വം നിഷേധിച്ചു.

13,600 കോടി രൂപയുടെ വായ്പാതട്ടിപ്പാണ് നീരവും ബന്ധുക്കളും പിഎൻബിയിൽ നടത്തിയത്. 2017 നവംബറിലാണ് നീരവ് വന്വാടുവിലെ പൗരത്വത്തിനുള്ള അപേക്ഷാ ഫീസായി 1.95 ലക്ഷം ഡോളർ അവിടത്തെ അംഗീകൃത ഏജൻസിക്കു കൈമാറിയത്. വന്വാടുവിൽ പൗരത്വം ലഭിക്കുന്നതിനു സഹായിക്കുന്ന ഏജൻസിയായ ഇൻഡിജീൻ ലോയേഴ്സിന്റെ എംഡി ജസ്റ്റിൻ ജിവേലെ ആണ് ഇക്കാര്യം ഒരു ഇന്ത്യൻ ദിനപത്രത്തോടു വെളിപ്പെടുത്തിയത്.

രാജ്യത്തു നിക്ഷേപം നടത്തിയാൽ വിദേശികൾക്കു പൗരത്വം നൽകുന്ന രീതിയാണ് ആ രാജ്യത്തുള്ളത്. ഈ വർഷം ജനുവരി ആദ്യമാണ്, നീരവ് മോദിയും അമ്മാവൻ മെഹുൾ ചോക്സിയും ഇന്ത്യ വിട്ടത്. മോദി ഇപ്പോൾ ബ്രിട്ടനിലാണുള്ളത്. അവിടെ അഭയം തേടി അപേക്ഷ കൊടുത്തിട്ടുണ്ട്. ചോക്സി ആന്റിഗ്വയിൽ പൗരത്വം നേടി അവിടെ താമസമാണ്. മോദിയും ചോക്സിയും ഉൾപ്പെടെയുള്ള തട്ടിപ്പുകേസ് പ്രതികൾക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

റിപ്പബ്ലിക് ഓഫ് വന്വാടു

പസിഫിക് സമുദ്രത്തിൽ ഓസ്ട്രേലിയയ്ക്കു സമീപമുള്ള ചെറുദ്വീപുകളുടെ സമൂഹം.

തലസ്ഥാനം: പോർട്‍ വില

വിസ്തീർണം: 12,189 ചതുരശ്ര കിലോമീറ്റർ

ജനസംഖ്യ: 2.72 ലക്ഷം