നോട്ട് നിരോധനം ഏറ്റവും വലിയ കുംഭകോണം: രാഹുൽ ഗാന്ധി

ഭോപ്പാലിൽ റോഡ് ഷോയ്ക്കിടെ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന രാഹുൽ ഗാന്ധി

ഭോപാൽ∙ പതിനൊന്നു ഹിന്ദു സന്യാസിമാരുടെയും ബാലികമാരുടെയും അനുഗ്രഹവുമായി, ഭോപാൽ നഗരത്തെ ഇളക്കിമറിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. 18 കിലോമീറ്റർ നീണ്ട റോഡ് ഷോയ്ക്കിടെ തട്ടുകടയിലെത്തി ചായയും സമൂസയും കഴിച്ച്, ചെറുപ്പക്കാർക്കൊപ്പം സെൽഫിയുമെടുത്ത് രാഹുൽ തരംഗമായി. വഴിനീളെ രാഹുലിന്റെ കൂറ്റൻ ചിത്രങ്ങൾ നിരത്തി, തീർഥം തളിച്ച പ്രവർത്തകർ ഷാളും നാളികേരവും നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

നോട്ട് നിരോധനം രാജ്യംകണ്ട ഏറ്റവും വലിയ കുംഭകോണമാണെന്നും കള്ളപ്പണം വെളുപ്പിക്കാനായിരുന്നു അതെന്നും രാഹുൽ പറഞ്ഞു. ഇടത്തരം കച്ചവടക്കാരിൽ നിന്നു രാജ്യത്തെ 15 സമ്പന്നരിലേക്കു പണം എത്തിക്കാനായിരുന്നു ഇത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുമെന്നും പാർട്ടി പ്രവർത്തകർക്ക് അപ്രാപ്യനായാൽ മുഖ്യമന്ത്രിയായാലും മന്ത്രിയായാലും 15 മിനിറ്റിനകം പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ വായ്പകൾ എഴുതിത്തള്ളും. ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും ചെവികൊടുക്കില്ല. വൻവ്യവസായികൾ തിരിച്ചടയ്ക്കാത്ത കോടികളുടെ വായ്പ ‘നോൺ പെർഫോമിങ് അസറ്റ്’ എന്ന ഓമനപ്പേരിട്ടു വിളിച്ച് ഒഴിവാക്കിയിരിക്കുകയാണ് – രാഹുൽ പറഞ്ഞു.

വിമാനത്താവളത്തിനു സമീപം ലാൽഗാതി സ്ക്വയറിൽ നിന്നാണു രാഹുലിന്റെ റോഡ് ഷോയ്ക്കു തുടക്കമായത്. മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ അനൗപചാരിക ഉദ്ഘാടനം കൂടിയായിരുന്നു റോഡ് ഷോ.