ഹരിയാന കൂട്ടമാനഭംഗം: മുഖ്യപ്രതി അടക്കം മൂന്നുപേർ പിടിയിൽ

നിഷു ഫോഗത്

ചണ്ഡിഗഡ് ∙ ഹരിയാനയിലെ റീവാരിയിൽ പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കൃത്യം ആസൂത്രണം ചെയ്തു നടപ്പാക്കിയ നിഷു ഫോഗതിനെയാണു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തത്. ക്രൂരപീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ആരോഗ്യനില മോശമായതോടെ സംഭവസ്ഥലത്തേക്കു ഡോക്ടറെ ഫോണിൽ വിളിച്ചുവരുത്തിയതും ഇയാളാണ്.

ഒളിവിൽ പോയ കരസേനാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ മറ്റു രണ്ടു പ്രതികൾക്കുവേണ്ടി രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ എസ്ഐടി തിരച്ചിൽ നടത്തി. മുഖ്യപ്രതി വിളിച്ചതുപ്രകാരം സ്ഥലത്തെത്തി പെൺകുട്ടിയെ ആദ്യം പരിശോധിച്ച ഡോക്ടർ, കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ ഉടമ എന്നിവരും ഇന്നലെ അറസ്റ്റിലായി. സ്ഥലത്തെത്തിയ ഡോക്ടർ അധികൃതരെ വിവരം അറിയിച്ചില്ലെന്നും പകരം കുറ്റകൃത്യത്തിൽ പങ്കുചേരുകയാണു ചെയ്തതെന്നും പൊലീസ് പറഞ്ഞു. സ്ഥലമുടമയുടെ മുറിയിലാണു പീഡനം നടന്നത്. നേരത്തേ പ്രതിചേർത്ത മൂന്നുപേരെ കൂടാതെ മറ്റു ചിലരുംകൂടി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതികളെല്ലാം പെൺകുട്ടിയുടെ ഗ്രാമത്തിൽനിന്നുള്ളവരാണ്. കൃത്യത്തിൽ 8–10 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നു പെൺകുട്ടിയുടെ പിതാവ് നേരത്തേ പറഞ്ഞിരുന്നു. ബുധനാഴ്ച രാവിലെ ക്ലാസിൽ പോകാനായി ബസ് സ്റ്റോപ്പിലെത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ മൂന്നംഗസംഘം മയക്കുപാനീയം നൽകിയശേഷമാണു പീഡിപ്പിച്ചത്. ബിഎസ്‌സിക്കു പഠിക്കുന്ന പെൺകുട്ടി സിബിഎസ്‌ഇ പരീക്ഷയിൽ ഒന്നാമതെത്തിയതിനു സംസ്ഥാന സർക്കാർ ബഹുമതി നേടിയതാണ്. അതിനിടെ, പൊലീസ് വീഴ്ചയുടെ പേരിൽ റീവാരി എസ്‌പി: രാജേഷ് ദഗ്ഗലിനെ സ്ഥലംമാറ്റി. അന്വേഷണ പുരോഗതി വിലയിരുത്താൻ ഡിജിപിയെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വിളിച്ചുവരുത്തിയിരുന്നു.