ഇന്ത്യ– പാക്ക് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച അടുത്തയാഴ്ച

ന്യൂഡൽഹി ∙ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാർ അടുത്തയാഴ്ച ന്യൂയോർക്കിൽ കൂടിക്കാണും. ഉഭയകക്ഷി ചർച്ച പുനരാരംഭിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തിൽ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭ്യർഥിച്ച പശ്ചാത്തലത്തിലാണിത്.

വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക്ക് വിദേശകാര്യമന്ത്രി മെഹ്മൂദ് ഖുറേഷിയും യുഎൻ പൊതുസഭാ സമ്മേളനത്തിനാണു ന്യൂയോർക്കിൽ പോകുന്നത്. മന്ത്രിമാരുടെ കൂടിക്കാഴ്ച പാക്കിസ്ഥാന്റെ താൽപര്യപ്രകാരമാണമെന്നും ഇത് ഉഭയകക്ഷി ചർച്ച പുനരാരംഭിക്കലല്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. 2016ൽ ജനുവരിയിലെ പഠാൻകോട്ട് ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇരുരാജ്യങ്ങളുമായുള്ള ചർച്ച നിർത്തിവച്ചത്.

ജെയ്ഷ്, ലഷ്കർ ഇന്ത്യ– പാക്ക് മേഖലയിൽ ഭീഷണി 

വാഷിങ്ടൻ∙ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ എന്നീ സംഘടനകൾ ഇന്ത്യ–പാക്ക് മേഖലയ്ക്കു ഭീഷണിയായി തുടരുകയാണെന്നും ഭീകരത സംബന്ധിച്ചു കഴിഞ്ഞവർഷം ഉത്കണ്ഠ പ്രകടിപ്പിച്ചെങ്കിലും പാക്കിസ്ഥാൻ വേണ്ടവിധം പ്രതികരിച്ചില്ലെന്നും യുഎസ് വിദേശകാര്യ വകുപ്പ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും അൽ ഖായിദയെ ഒതുക്കാൻ കഴിഞ്ഞെങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സുരക്ഷിത ഒളിവിടങ്ങളിൽ അവരുണ്ട്. 2017ലെ ഭീകരത സംബന്ധിച്ച റിപ്പോർട്ടിലാണ് ഈ നിരീക്ഷണം.