റഫാൽ: റിലയൻസ് വന്നത് ഇന്ത്യ പറഞ്ഞിട്ടെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്; നിഷേധിച്ച് ഇന്ത്യ

ഫ്രാൻസ്വ ഒലോൻദ്, അനില്‍ അംബാനി

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കാൻ ആവശ്യപ്പെട്ടത് ഇന്ത്യാ സർക്കാർ തന്നെയെന്നു ഫ്രാൻസിന്റെ മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ്. ഫ്രഞ്ച് വെബ്സൈറ്റായ മീഡിയാപാർട്ടിനോടാണു ഫ്രാൻസ്വ ഇക്കാര്യം വെളിപ്പെടുത്തിയത്. ആരോപണം ഇന്ത്യ നിഷേധിച്ചു. 

ഫ്രഞ്ച് സർക്കാരുമായിട്ടായിരുന്നില്ല ഇടപാടെന്നും അവർക്കിതിൽ ഒരു കാര്യവുമില്ലെന്നുമായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് ട്വീറ്റ് ചെയ്തത്. 2015 ഏപ്രിലിൽ 36 റഫാൽ വിമാനം വാങ്ങാനുള്ള കരാർ ഫ്രഞ്ച് കമ്പനിയായ ടാസൂ ഏവിയേഷനുമായി ഇന്ത്യ ഒപ്പിടുമ്പോൾ ഫ്രാൻസ്വ ഒലോൻദ് ആയിരുന്നു ഫ്രഞ്ച് പ്രസിഡന്റ്. 

വിമാനക്കമ്പനി തന്നെയാണു റിലയൻസ് ഡിഫൻസിനെ ഇന്ത്യയിലെ പങ്കാളിയാക്കി നിയോഗിച്ചതെന്നാണ് ഇന്ത്യാ സർക്കാരിന്റെ നിലപാട്.  

ഫ്രാൻസ്വയുടെ വെളിപ്പെടുത്തൽ ഇതിന്റെ വിശ്വാസ്യതയെയാണു ചോദ്യംചെയ്യുന്നത്. വ്യോമയാന മേഖലയിൽ മുൻപരിചയമില്ല എന്നതായിരുന്നു റിലയൻസിനെതിരെയുള്ള പ്രധാന ആരോപണം.