റഫാൽ: കൂടുതൽ പാർട്ടികൾ രംഗത്ത്

ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രിയുടെ പ്രതികരണം ആവശ്യപ്പെട്ട് കൂടുതൽ പാർട്ടികൾ രംഗത്ത്. സംയുക്ത സഭാസമിതി (ജെപിസി) അന്വേഷിക്കണമെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ആരോപണങ്ങളെക്കുറിച്ചു പ്രതികരിച്ച് ശുദ്ധി തെളിയിക്കേണ്ടതു പ്രധാനമന്ത്രിയുടെ ബാധ്യതയാണെന്നും സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. അന്വേഷണമാവശ്യപ്പെട്ട് ഡിഎംകെയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 

രാഹുലിന്റെ രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെടും: ജയ്റ്റ്‌ലി

റഫാൽ കരാർ വില സുരക്ഷാകാരണങ്ങളുള്ളതിനാൽ വെളിപ്പെടുത്തുന്നില്ലെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധത്തിനു റഫാൽ വിമാനങ്ങൾ അനിവാര്യമാണ്. ഇന്ത്യയുടെ മിന്നലാക്രമണത്തെക്കുറിച്ച് രാഹുൽ ഗാന്ധി മോശം പരാമർശം നടത്തി. അദ്ദേഹത്തിന്റെ ദേശസ്നേഹം ചോദ്യം ചെയ്യപ്പെടും– ജയ്റ്റ്‌ലി പറഞ്ഞു. 

നുണകൾ നിർത്തേണ്ട സമയം: രാഹുൽ

സത്യവും മിഥ്യയും കൂട്ടിക്കുഴയ്ക്കാൻ ജയ്റ്റ്‌ലിക്കു പ്രത്യേക കഴിവാണെന്നു രാഹുൽ ഗാന്ധി പ്രതികരിച്ചു. അപ്രതിരോധ്യമായതിനെയും കപടമായ ധാർമികമുഖത്തോടെ അദ്ദേഹം പ്രതിരോധിക്കും. എന്നാലിതു നുണകൾ അവസാനിപ്പിക്കേണ്ട സമയമാണ്. റഫാൽ ഇടപാടിനെക്കുറിച്ച് സത്യം ബോധ്യപ്പെടുത്താൻ സംയുക്തസമിതി വേണം– രാഹുൽ പറഞ്ഞു.  

എന്തിന് ഈ മൗനം: കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദി നിശ്ശബ്ദത തുടരുന്നത് എന്തുകൊണ്ടെന്നു കോൺഗ്രസ് വക്താവ് ആനന്ദ് ശർമ ചോദിച്ചു. മോദിയുടെ ഫ്രാൻസ് യാത്രയ്ക്കു തൊട്ടുമുൻപു മാത്രമാണ് റിലയൻസ് ഡിഫൻസ് ലിമിറ്റഡിനെ ഇടപാടിൽ ചേർത്തത്. ഇതു ഗൂഢാലോചനയാണ് – ശർമ പറഞ്ഞു.