5 ബാങ്കുകളെ പറ്റിച്ച് 5000 കോടിയുമായി ഗുജറാത്ത് വ്യവസായി നാടുവിട്ടു

നിതിൻ സന്ദേസര

ന്യൂഡൽഹി∙ 5000 കോടി രൂപയുടെ തട്ടിപ്പു നടത്തി മറ്റൊരു പ്രമുഖ വ്യവസായിയും കുടുംബവുംകൂടി ഇന്ത്യ വിട്ടു. ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള നിതിൻ സന്ദേസരയും കുടുംബവുമാണ് ആദ്യം യുഎഇയിലേക്കും അവിടെനിന്നു നൈജീരിയയിലേക്കും കടന്നത്. ഗുജറാത്തിലെ സ്റ്റെർലിങ് ബയോടെക് എന്ന ഒൗഷധ നിർമാണക്കമ്പനിയും ഒട്ടേറെ അനുബന്ധ വ്യവസായങ്ങളും നടത്തിയിരുന്ന നിതിൻ സന്ദേസര 5 ബാങ്കുകളെയാണ് കബളിപ്പിച്ചത്. നൈജീരിയയുമായി ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറുന്ന കരാർ ഇല്ലാത്തതിനാൽ ഇവരെ മടക്കി കൊണ്ടുവരിക എളുപ്പമല്ല.

വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങി വൻ തട്ടിപ്പു നടത്തി നാടുവിട്ടവരുടെ കൂട്ടത്തിലെ അവസാനത്തെ അംഗമാണ് സന്ദേസര. ആന്ധ്ര ബാങ്ക്, യൂകോ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെയാണ് ഇയാൾ കബളിപ്പിച്ചത്. സ്റ്റെർലിങ് ബയോടെക്, ഇന്റർനാഷനൽ എൻറർപ്രൈസസ്, പോർട്ട്, പിഎംടി മെഷീൻസ്, എസ്ഇസെഡ്, ഓയിൽ റിസോഴ്സസ് ലിമിറ്റഡ് എന്നിങ്ങനെ വിവിധ സ്റ്റെർലിങ് കമ്പനികളുടെ പേരിലാണു വായ്പകളെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 300 വ്യാജ കമ്പനികൾ സ്റ്റെർലിങ് ഗ്രൂപ്പ് സ്ഥാപിച്ചിരുന്നു. നിതിൻ സന്ദേസരയും സഹോദരൻ ചേതനും ചേർന്നാണ് ഇവ നടത്തിയിരുന്നത്.

കഴിഞ്ഞ ജൂണിൽ ഈ കമ്പനികൾക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സിബിഐയും കേസെടുത്തിരുന്നു. കേസ് നിലനിൽക്കെയാണ് ഇവർ രാജ്യം വിട്ടത്. പ്രതികളെ പിടികൂടാൻ യുഎഇ സന്നദ്ധത കാട്ടിയെന്നു വാർത്ത ഉണ്ടായിരുന്നെങ്കിലും ഇങ്ങനെ ഒരു നീക്കവും നടത്തിയിരുന്നില്ല. നൈജീരിയയുമായി ക്രൂഡോയിൽ വ്യാപാരം ഉണ്ടായിരുന്നതിനാലാണ് ഇവർ അവിടേക്കു പോയത്. മല്യയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ ഇവർക്കും സിബിഐ സൗകര്യം ചെയ്തുവെന്ന് ആരോപണമുണ്ട്.