വിവാഹം കഴിക്കാതെ ഒന്നിച്ച് കഴിയുന്നവർക്കും ദത്തെടുക്കാം

ന്യൂഡൽഹി∙ വിവാഹിതരാകാതെ ഒന്നിച്ചു ജീവിക്കുന്നവരെ ദത്തെടുക്കലിൽനിന്നു വിലക്കുന്ന വിവാദ സർക്കുലർ കേന്ദ്രം പിൻവലിക്കുന്നു. ദത്തെടുക്കലുമായി ബന്ധപ്പെട്ട ഔദ്യോഗിക ഏജൻസിയായ ചൈൽഡ് അഡോപ്ഷൻ റഗുലേറ്ററി അതോറിറ്റിയുടെ (സിഎആർഎ) ശുപാർശ വനിതശിശു ക്ഷേമ മന്ത്രാലയം അംഗീകരിച്ചു.

ഒന്നിച്ചു ജീവിക്കുന്നുവെന്നു കരുതി സുസ്ഥിര കുടുംബമായി കാണാനാവില്ലെന്നു വിലയിരുത്തി കഴിഞ്ഞ മേയ് 31നായിരുന്നു സിഎആർഎ വിലക്കേർപ്പെടുത്തിയത്. ദത്തെടുക്കലിനു താൽപര്യമറിയിക്കുന്നവരുടെ അപേക്ഷകൾ പ്രത്യേകമായി വിലയിരുത്തി തീരുമാനമെടുക്കാനാണു പുതിയ തീരുമാനം.

2017 ലെ ദത്തെടുക്കൽ നിയന്ത്രണ ചട്ടമനുസരിച്ച് ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകൾക്കു ആൺ–പെൺകുട്ടികളിലാരെയും ദത്തെടുക്കാം. പുരുഷന്മാർക്ക് ആൺകുട്ടികളെ മാത്രമാണ് അനുവദിച്ചിരുന്നത്.