മൂന്നു മക്കളുള്ളതിന് പിരിച്ചുവിട്ടു; അങ്കണവാടി ജീവനക്കാരി കോടതിയിൽ

മുംബൈ∙ മൂന്നു മക്കളുണ്ടെന്ന പേരിൽ ജോലിയിൽ നിന്നു പിരിച്ചുവിട്ടതിനെതിരെ അങ്കണവാടി ജീവനക്കാരി ബോംബെ ഹൈക്കോടതിയിൽ. അങ്കണവാടി സേവികയായിരുന്ന തൻവി സോദായെയാണു മഹാരാഷ്ട്രാ സർക്കാർ കഴിഞ്ഞ മാർച്ചിൽ പിരിച്ചുവിട്ടത്.

2002ൽ ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവീസസ് (ഐസിഡിഎസ്) പദ്ധതിയിലൂടെ ജോലിയിൽ പ്രവേശിച്ച തൻവിക്കെതിരെ 2014ൽ പുറത്തിറങ്ങിയ സർക്കാർ വിജ്ഞാപനത്തിന്റെ പേരിലായിരുന്നു നടപടി. ഐസിഡിഎസ് പദ്ധതി ഉൾപ്പെടെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്കു രണ്ടു കുട്ടികളിൽ കൂടുതൽ ഉണ്ടാകരുതെന്നാണു ചട്ടം. എന്നാൽ സർക്കാർ വിജ്ഞാപനം ഇറങ്ങിയ 2014 ഓഗസ്റ്റിൽ തനിക്കു മൂന്നു കുട്ടികൾ ഉണ്ടായിരുന്നില്ലെന്നും മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചതേയുണ്ടായിരുന്നുള്ളൂവെന്നും തൻവി പറയുന്നു. ഹർജി ഒക്ടോബർ മൂന്നിനു വീണ്ടും പരിഗണിക്കും.