അനുമതിയില്ലാതെ റാലി: കേജ്​‌രിവാളിനെ വിട്ടയച്ചു

മുംബൈ∙ പൊലീസ് അനുമതിയില്ലാതെ റാലി നടത്തിയെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, സാമൂഹിക പ്രവർത്തകരായ മേധ പട്കർ, മീര സന്യാൽ എന്നിവരുൾപ്പെടെ ഏഴുപേരെ മുംബൈ മെട്രോപൊലിറ്റൻ മജിസ്ട്രേറ്റ് കോടതി വിട്ടയച്ചു. 

ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് നോർത്ത് ഈസ്റ്റ് മുംബൈയിൽ അനുമതിയില്ലാതെ റാലി നടത്തിയതിനാണ് കേജ്‍രിവാളിനും കൂട്ടർക്കുമെതിരെ മുംബൈ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. 

ആം ആദ്മി പാർട്ടി സ്ഥാനാർഥികളായിരുന്ന മേധാ പട്കറിന്റെയും മീര സന്യാലിന്റെയും പ്രചാരണത്തിനായിരുന്നു റാലി. 

റാലിക്ക്  അനുമതിയില്ലെന്നു കാണിച്ച് കേജ്‍രിവാളിനും സഹപ്രവർത്തകർക്കും പൊലീസ് രേഖാമൂലം അറിയിപ്പ് നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതി കേസ് തള്ളിയത്.