കാർത്തി ചിദംബരത്തിന്റെ 54 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡൽഹി ∙ ഐഎൻഎക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ 54 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. ന്യൂഡൽഹി ജോർബാഗിലെ ഫ്ലാറ്റ്, ഊട്ടിയിലെയും കൊടൈക്കനാലിലെയും ബംഗ്ലാവുകൾ, യുകെയിലെ സോമർസെറ്റിലുള്ള വീട്, സ്പെയിനിലെ ബാർസിലോനയിലുള്ള ടെന്നിസ് ക്ലബ് എന്നിവ പിടിച്ചെടുത്ത സ്വത്തുക്കളിൽ  ഉൾപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം(പിഎംഎൽഎ) അനുസരിച്ചാണു നടപടിയെന്നു എൻഫോഴ്സ്മെന്റ് അധികൃതർ വ്യക്തമാക്കി.

തലക്കെട്ടിൽ ഇടം പിടിക്കാനുള്ള ശ്രമമാണിതെന്നായിരുന്നു കാർത്തി ചിദംബരത്തിന്റെ പ്രതികരണം. നിയമപ്രകാരമല്ല എൻഫോഴ്സ്മെന്റിന്റെ നടപടി. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ട്വീറ്റ് ചെയ്തു.

കാർത്തിയുടെയും അമ്മ നളിനിയുടെയും പേരിലുള്ള ജോർബാഗിലെ ഫ്ലാറ്റിനു 16 കോടി രൂപ വിലവരും. സോമർസെറ്റിലെ വീടിന്റെ മൂല്യം 8.67 കോടി രൂപയും ടെന്നിസ് ക്ലബിന്റേത് 14.57 കോടി രൂപയുമാണ്. ചെന്നൈയിലെ ബാങ്കിലെ 90 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കണ്ടുകെട്ടിയിട്ടുണ്ട്. അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൽറ്റിങ് പ്രൈവറ്റ് ലിമിറ്റഡ്(എഎസ്‌സിപിഎൽ) എന്ന കമ്പനിയുടെ പേരിലുള്ളതാണ് ഈ നിക്ഷേപം. കാർത്തിക്കു ബന്ധമുള്ള എഎസ്‌സിപിഎൽ കമ്പനി വഴി വാസൻ ഹെൽത്ത് കെയറിൽ ഉൾപ്പെടെ ഒട്ടേറെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് അധികൃതർ വ്യക്തമാക്കി.

പി. ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന 2007ൽ ഐഎൻഎക്‌സ് മീഡിയ എന്ന മാധ്യമസ്ഥാപനം  വിദേശത്തുനിന്നു 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട്, വിദേശ നിക്ഷേപ പ്രമോഷൻ ബോർഡിന്റെ (എഫ്‌ഐപിബി) ചട്ടങ്ങൾ ലംഘിച്ചെന്ന കേസിലാണു കാർത്തി ചിദംബരം നടപടി നേരിടുന്നത്. ഇക്കാര്യത്തിൽ കാർത്തി വഴിവിട്ടു സഹായിച്ചെന്നും കമ്മിഷൻ വാങ്ങിയെന്നുമാണ് ആരോപണം.