മക്ക മസ്ജിദ് കേസിൽ വിധി പറഞ്ഞ ജഡ്ജി തെലങ്കാന ജനസമിതിയിൽ ചേർന്നു

ഹൈദരാബാദ് ∙ മക്ക മസ്ജിദ് സ്ഫോടനക്കേസിൽ വിധി പ്രഖ്യാപിച്ച ശേഷം രാജിവച്ച ഭീകരവിരുദ്ധ പ്രത്യേക കോടതി ജഡ്ജി കെ. രവിന്ദർ റെഡ്ഡി തെലങ്കാന ജന സമിതി (ടിജെഎസ്) യിൽ ചേർന്നു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷത്തിന്റെ ഭാഗമാണ് ടിജെഎസ്.

ബിജെപി അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്ന് രവിന്ദർ റെഡ്ഡി ബിജെപിയിൽ ചേരുമെന്നു നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. കുടുംബവാഴ്ചയില്ലാത്ത, ദേശാഭിമാനമുള്ള കക്ഷി എന്നാണു കഴിഞ്ഞ മാസം റെഡ്ഡി ബിജെപിയെ വിശേഷിപ്പിച്ചത്. കോൺഗ്രസിനും ടിജെഎസിനും പുറമേ തെലുങ്കുദേശം പാർട്ടി, സിപിഐ എന്നിവയാണ് പ്രതിപക്ഷ സഖ്യത്തിലുള്ളത്.

മക്ക മസ്‍ജിദ് സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദ് ഉൾപ്പെടെ 5 പ്രതികളെയും ഏപ്രിൽ 16നു വിട്ടയച്ച പ്രത്യേക ഭീകരവിരുദ്ധ കോടതി ജഡ്‌ജിയായിരുന്നു രവീന്ദർ റെഡ്ഡി. 2007 മേയ് 18നു ജുമുഅ നമസ്കാര സമയത്തു ചരിത്രപ്രസിദ്ധമായ മക്ക മസ്ജിദിലുണ്ടായ സ്ഫോടനത്തിൽ 9 പേരാണു കൊല്ലപ്പെട്ടത്. 58 പേർക്കു പരുക്കേറ്റു.