ലഡാക്ക് അതിർത്തി ലംഘിച്ചു ചൈന

ന്യൂഡൽഹി ∙ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്കു ചൈനീസ് സേനാ ഹെലികോപ്റ്ററുകളുടെ കടന്നുകയറ്റം. കഴിഞ്ഞ സെപ്റ്റംബർ 27നു പുലർച്ചെ ലഡാക്കിലെ ട്രിഗ് ഹൈറ്റ്സിൽ 2 കോപ്റ്ററുകൾ കടന്നുകയറിയതായി അതിർത്തി കാക്കുന്ന ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ഇന്ത്യൻ വ്യോമാതിർത്തിയിൽ 10 മിനിറ്റോളം ഇവ പറന്നു. 

കഴിഞ്ഞ ഓഗസ്റ്റിൽ ട്രിഗ് ഹൈറ്റ്സ് ഉൾപ്പെടെ ലഡാക്കിലെ നാലിടങ്ങളിൽ ചൈനീസ് സൈന്യം 14 തവണ അതിർത്തി ലംഘിച്ചിരുന്നു. ദോലത് ബേഗ് ഓൾഡി, ദെപ്സങ്, പാങ്യോങ് സോ തടാകം എന്നിവിടങ്ങളിലായിരുന്നു കടന്നുകയറ്റം. കാൽനടയായും വാഹനങ്ങളിലും എത്തിയ സൈന്യം ദെപ്സങ്ങിൽ 10 കിലോമീറ്റർ വരെ അകത്തേക്കു കയറി.