നീരവ് മോദിയുടെ 255 കോടി കണ്ടുകെട്ടി

ന്യൂഡൽഹി ∙ ബാങ്കിനെയും സർക്കാരിനെയും കബളിപ്പിച്ചു നാടുവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ഹോങ്കോങ്ങിലെ 255 കോടി രൂപ വിലവരുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു കടം എടുത്തു മുങ്ങിയശേഷം ദുബായിലുള്ള തന്റെ കമ്പനികളിൽ നിന്നു മോദി ഹോങ്കോങ്ങിലേക്കു കൊണ്ടുപോയ രത്നങ്ങളും സ്വർണാഭരണങ്ങളുമാണ് കണ്ടുകെട്ടിയതെന്ന് ഇഡി വ്യക്തമാക്കി. 

പണം തട്ടിപ്പു നിരോധന ചട്ടത്തിന്റെ അടിസ്ഥാനത്തിൽ നീരവ് മോദിക്കെതിരെ കോടതിയിൽ നിന്നു ലഭിച്ചിട്ടുള്ള ഉത്തരവുകൾ ഹോങ്കോങ്ങിൽ നിന്നു കണ്ടുകെട്ടിയ 255 കോടിയുടെ സ്വത്തുക്കൾക്കും ബാധകമാക്കുമെന്നും എൻഫോഴ്സ്മെന്റ് അറിയിച്ചു.