മദൻലാൽ ഖുറാനയ്ക്ക് അന്ത്യാഞ്ജലി

ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്തു ബിജെപിക്ക് വേരോട്ടമുണ്ടാക്കിയ മുതിർന്ന നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ മദൻലാൽ ഖുറാനയ്ക്ക് (82) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഡൽഹി സംസ്ഥാന കമ്മിറ്റി ഓഫിസിലും വീട്ടിലും അത്യാഞ്ജലി അർപ്പിക്കാൻ നേതാക്കളടക്കം ഒട്ടേറെ പേരെത്തി. ഇന്നലെ സന്ധ്യയോടെ നിഗംബോധ് ഘട്ടിലായിരുന്നു സംസ്കാര ചടങ്ങുകൾ.

കഴിഞ്ഞദിവസം രാത്രി 11ന് കീർത്തിനഗറിലെ വസതിയിലായിരുന്നു അന്ത്യം. 1993 മുതൽ 1996 വരെ ഡൽഹി മുഖ്യമന്ത്രിയായിരുന്നു. 2004 ൽ രാജസ്ഥാൻ ഗവർണറായി. സജീവ രാഷ്ട്രീയത്തിൽ താൽപര്യമറിയിച്ച ഖുറാന പിന്നീട് ഗവർണർ പദവി രാജിവച്ചു. ഭാരതീയ ജനസംഘത്തിന്റെ ഡൽഹി ജനറൽ സെക്രട്ടറിയായി 1965-67 ൽ തിരഞ്ഞെടുക്കപ്പെട്ട മദൻലാൽ ഖുറാന, 1977 ൽ മെട്രോപ്പൊലിറ്റൻ കൗൺസിൽ തെരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തിന്റെ പടവുകൾ കയറിത്തുടങ്ങിയത്. ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പലവട്ടം പാർട്ടിയിൽനിന്നു പുറത്തുപോയി.

ഭാര്യ: രാജ്‌ ഖുറാന. കഴിഞ്ഞ ഓഗസ്റ്റിലാണ് ഖുറാനയുടെ ഇളയമകൻ വിമൽ മരിച്ചത്. മറ്റുമക്കൾ: ഹരീഷ്, പൂനം.