ബോഫോഴ്സിനു സമാനമായ പീരങ്കികൾ വാങ്ങാൻ കരസേന

ന്യൂഡൽഹി∙ മൂന്നു പതിറ്റാണ്ടിനു ശേഷം ബോഫോഴ്സിനു സമാനമായ പീരങ്കികൾ വാങ്ങാൻ കരസേന. എൺപതുകളുടെ അവസാനം വൻവിവാദം സൃഷ്ടിച്ച ബോഫോഴ്സ് പീരങ്കി ഇടപാടിനു ശേഷം ഇതാദ്യമായാണ് അതേ വിഭാഗത്തിലുള്ള 155 എംഎം പീരങ്കികൾ വാങ്ങുന്നത്.

ബ്രിട്ടിഷ് ആയുധ നിർമാതാക്കളായ ബിഎഇ സിസ്റ്റംസ്, ഇന്ത്യ– ദക്ഷിണ കൊറിയ സംയുക്ത കമ്പനി എന്നിവയിൽനിന്ന് ഇവ വാങ്ങും. ബിഎഇയിൽ നിന്ന് 5427 കോടി രൂപയ്ക്ക് 145 പീരങ്കികളാണു വാങ്ങുക. ഇതിൽ അഞ്ചെണ്ണം വരും ദിവസങ്ങളിൽ ലഭിക്കും. ദക്ഷിണ കൊറിയയും ഇന്ത്യയും സംയുക്തമായി വികസിപ്പിച്ച വജ്ര കെ 9 ടി പീരങ്കികളും വൈകാതെ സേനയുടെ ഭാഗമാകും.

നവംബർ 9നു മഹാരാഷ്ട്രയിലെ ദേവ്‌ലാലിയിൽ സേനയുടെ ആയുധ പരിശീലന കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ ബിഎഇ പീരങ്കികൾ ഇന്ത്യ ഏറ്റുവാങ്ങും. അടുത്ത ജൂൺ മുതൽ 2021 വരെയുള്ള കാലയളവിൽ ബാക്കിയുള്ളവ ലഭിക്കും.

ആകാശമാർഗം കൊണ്ടുപോകാം

4000 കിലോ ഭാരമുള്ള പീരങ്കികളെ ചിനൂക് ഹെലിക്കോപ്റ്റർ, സി 17 ഗ്ലോബ്മാസ്റ്റർ, സി 130 ഹെർക്കുലിസ് വിമാനങ്ങൾക്കു വഹിക്കാനാവുമെന്നതിനാൽ, അതിർത്തി മേഖലകളിേലക്ക് ഇവയെ എളുപ്പമെത്തിക്കാനാവും .ദുർഘട പാതകളുള്ള ചൈനീസ് അതിർത്തിയിലേക്ക് ആകാശമാർഗം എത്തിക്കുന്നതിലൂടെ ഇന്ത്യൻ സേനയ്ക്ക് ഇവ മുതൽക്കൂട്ടാകും.