സിബിഐ: അസ്താന അടക്കമുള്ളവരുടെ ഫോൺ ചോർത്തിയതു വിവാദത്തിൽ

രാകേഷ് അസ്താന

ന്യൂഡൽഹി ∙ സിബിഐയിലെ ഫോൺചോർത്തലും വിവാദത്തിലേക്ക്. സ്പെഷൽ ഡയറക്ടർ അസ്താനയ്ക്കെതിരായ കേസിൽ തെളിവായി മുൻ അന്വേഷണ സംഘം ഫോൺ സംഭാഷണം ചോർത്തിയതാണു പുതിയ വിവാദം. ഇതു ചോദ്യം ചെയ്തു സിബിഐയിലെ ഒരു വിഭാഗം രംഗത്തെത്തി. അന്വേഷണ ചുമതലയിൽനിന്നു നീക്കിയ ശേഷം ആൻഡമാനിലേക്കു സ്ഥലംമാറ്റപ്പെട്ട എസ്പി: എ.കെ. ബസി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അസ്താന ഉൾപ്പെടെയുള്ളവരുടെ ഫോൺ സന്ദേശങ്ങൾ ചേർത്തിരുന്നു. ആഭ്യന്തര മന്ത്രലായത്തിന്റെ അനുമതി ഇല്ലാതെ ഫോൺവിളി ചോർത്തിയതാണു വിവാദമായത്. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ 16,17 തീയതികളിൽ നടന്ന ഫോൺസംഭാഷണങ്ങളുടെ രേഖകളാണ് എ.കെ. ബസി കോടതിയിൽ സമർപ്പിച്ചത്.

അസ്താനയ്ക്കു പുറമെ രഹസ്യാന്വേഷണ ഏജൻസിയിലെ ഉന്നത ഉദ്യോഗസ്ഥനായ സാമന്ത് ഗോയൽ, കോഴ ഇടപാടുകാരനായ സോമേഷ് പ്രസാദ് എന്നിവരുടെ ഫോൺ സംഭാഷങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. സോമേഷിന്റെ ഫോൺ വിവരങ്ങളാണു ചോർത്തിയതെന്നു ബസി ഹർജിയിൽ അറിയിച്ചിരുന്നു. എന്നാൽ, അസ്താന ഉൾപ്പെടെ നിരീക്ഷണത്തിലായിരുന്നുവെന്നു വ്യക്തം. അന്വേഷണ ഏജൻസി ഫോൺസംഭാഷണം ചോർത്തുമ്പോൾ ആഭ്യന്തര സെക്രട്ടറിയുടെ രേഖാമൂലമുള്ള അനുമതി വാങ്ങണമെന്നതാണു ചട്ടം. എന്തിനുവേണ്ടിയാണ് ഇതു ശേഖരിക്കുന്നതെന്നു വ്യക്തമാക്കുകയും വേണം. ഇന്ത്യൻ ടെലഗ്രാഫ് നിയമം അനുസരിച്ചു അടിയന്തര ഘട്ടത്തിൽ അന്വേഷണ ഏജൻസിയുടെ തലവന്റെ താൽക്കാലിക അനുമതിയോടെ ഫോൺവിവരം ശേഖരിക്കാമെങ്കിലും 7 ദിവസത്തിനുള്ളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഉറപ്പാക്കണം. അസ്താനയ്ക്കെതിരായ കേസിൽ ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ലെന്നാണ് ആരോപണം.

വാദിയാര്, പ്രതിയാര്?

കലങ്ങിമറിയുന്ന സിബിഐ കേസിൽ ഡിഎസ്പി ദേവേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്ത സിബിഐ സംഘത്തിനെതിരെ പുതിയ ആരോപണം. അറസ്റ്റിനു നേതൃത്വം നൽകിയ എസ്പി: എ.കെ. ബസിക്കെതിരെ മോഷണത്തിനും പിടിച്ചുപറിക്കും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു മറുപക്ഷം നീക്കം തുടങ്ങി. ദേവേന്ദ്രയെ അറസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി വീട്ടിൽ നടത്തിയ റെയ്ഡിൽ 8 മൊബൈൽ ഫോണും ഒരു ഐ പാഡും പിടിച്ചെടുത്തിരുന്നു.

സ്ഥലംമാറ്റ നടപടിക്കു വിധേയനായതോടെ രേഖകൾ പുതിയ അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. ഇതിൽ ഒരു ഫോൺ മാത്രമാണ് പിടിച്ചെടുത്തത് എന്നായിരുന്നു ചേർത്തത്. ഇതുചൂണ്ടിക്കാട്ടി ദേവേന്ദ്ര കുമാറിന്റെ മകൻ സിബിഐയിൽ പരാതിപ്പെട്ടു. തുടർന്നു പുതിയ അന്വേഷണ സംഘത്തിന്റെ തലവൻ സതീഷ് ദാഗറിന്റെ നേതൃത്വത്തിൽ മുഴുവൻ ഫോണുകളും തിരിച്ചുപിടിക്കുകയായിരുന്നു.